ഗാന്ധിനഗര്‍: ബിൽകിസ് ബാനുകേസിൽ പ്രതികളെ ശിക്ഷാ ഇളവ് നൽകി പുറത്തുവിട്ട ഗുജറാത്ത് സർക്കാർ നടപടിയിൽ പ്രതിഷേധമുയരുന്നു. സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ച് മോദി പ്രസംഗിക്കുമ്പോഴാണ് പ്രതികളെ തുറന്ന് വിടുന്നതെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ബിജെപിയുടെ സ്വാതന്ത്ര്യ ദിനാഘോഷമാണ് കണ്ടതെന്ന് മജ്ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി ആഞ്ഞടിച്ചു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകിയത്. കുറഞ്ഞത് 14 വർഷം ജയിലിൽ കഴിയണമെന്നാണ് ജീവപര്യന്തത്തെക്കുറിച്ച് നിയമത്തിൽ പറയുന്നത്. ഈ പഴുത് ചൂണ്ടിക്കാട്ടി പ്രതികളിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതിയാണ് സർക്കാരിനോട് തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടത്. ഗോദ്രാ കളക്ടർ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ഇവരുടെ ശുപാർശ പ്രകാരമാണ് ഇപ്പോഴത്തെ ജയിൽ മോചനം. കലാപകാലത്ത് അഞ്ചുമാസം ഗർഭിണി ആയിരിക്കെയാണ് ബിൽകിസ് ബാനുവിനെ പ്രതികൾ കൂട്ടബലത്സംഗം ചെയ്തത്.
മൂന്ന് വയസുള്ള മകൾ അടക്കം 14 കുടുംബാംഗങ്ങളെ കൺമുന്നിലിട്ട് ക്രൂരമായി കൊന്നു. മരിച്ചെന്ന് കരുതി പ്രതികൾ ഉപേക്ഷിച്ച് പോയ ബിൽകിസ് ബാനുവാണ് പിന്നീട് നിയമപോരാട്ടം നടത്തുകയും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ഗുജറാത്ത് സർക്കാരിന്‍റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധമുയർത്തിയത്.
സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മോദിയുടെ പ്രസംഗവും പ്രവർത്തിയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് തെളിഞ്ഞതായി കോൺഗ്രസ് ട്വീറ്റ് ചെയ്തു. വർഗീയതയാണ് ബിജെപി സർക്കാരിന്‍റെ തീരുമാനത്തിന് പിന്നിലെന്ന് മജ്ലിസ് പാർട്ടി നേതാവ് ഒവൈസിയും ട്വീറ്റ് ചെയ്തു. ബിൽകിസ് ബാനുവിന്‍റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമപരമല്ലാത്തതൊന്നും ചെയ്തിട്ടില്ലെന്നാണ് ഗുജറാത്ത് സർക്കാർ വൃത്തങ്ങൾ പറയുന്നത്.