മുംബൈ: മുംബൈയിലെ ഫ്‌ളൈ ഓവറിലൂടെ നടന്നുപോവുകയായിരുന്ന ആ 17-കാരിക്ക് നേരെ അപ്രതീക്ഷിതമായാണ് ആക്രമണം നടന്നത്. ആളുകള്‍ കുറഞ്ഞ സമയത്ത് സ്‌കൈവാക്കിലൂടെ നടന്നുപോവുകയായിരുന്ന അവളെ പിന്നില്‍ നിന്ന് വന്ന ഒരാള്‍ കേറിപ്പിടിക്കുകയായിരുന്നു. പുറകില്‍നിന്നും അവളെ കെട്ടിവരിഞ്ഞ അയാള്‍ അവളുടെ ശരീരത്തിലാകെ പരതാന്‍ തുടങ്ങി. അവള്‍ ചെറുത്തുനിന്നു. പുറകിലേക്ക് കൈ നീട്ടി അയാളുടെ മുഖം അവള്‍ മാന്തിപ്പറിക്കാന്‍ നോക്കി. അയാള്‍ മുഖം അടുപ്പിച്ചപ്പോള്‍ അവള്‍ അയാളുടെ മുഖത്ത് ആഞ്ഞു കടിച്ചു. അയാളുടെ കൈകള്‍ അയഞ്ഞ നേരം നോക്കി അവള്‍ ഓടി രക്ഷപ്പെട്ടു.
വെറുതെ ഓടുകയായിരുന്നില്ല അവള്‍. ആ ഓട്ടം നേരെ ചെന്നു നിന്നത് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലാണ്. അവള്‍ തനിക്കുണ്ടായ അനുഭവം പൊലീസിനോട് പറഞ്ഞു. പരാതിപ്പെട്ടു. അതിനു ശേഷം സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതി. അതോടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാനാവാത്ത സാഹചര്യമാണ് മുംബൈയിലെ സ്‌കൈവാക്കുകളിലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നു. വലിയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം ഇടയാക്കി. പൊലീസ് വിവിധ സംഘങ്ങളായി അജ്ഞാതനായ ആക്രമിക്കു വേണ്ടി തെരച്ചിലുകള്‍ നടത്തി. സിസിടിവി ക്യാമറകള്‍ അവര്‍ പരതി. രഹസ്യ പൊലീസുകാര്‍ അയാള്‍ക്കു വേണ്ടി നടന്നു.
അവരുടെ മുന്നില്‍ അയാളെക്കുറിച്ചുള്ള ഒരേ ഒരടയാളമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ മുഖത്ത് കടിയേറ്റ പാടുണ്ട്. മുഖത്ത് കടിയുടെ പാടുള്ള ആള്‍ക്കു വേണ്ടി നടത്തിയ ആ തെരച്ചില്‍ ഫലം കണ്ടു. ആളെ കിട്ടി. മുഖത്തെ പാടാണ് അയാളെ തിരിച്ചറിയാന്‍ സഹായിച്ചത്.
മുംബൈയിലെ താനെയിലാണ് സംഭവം. ഇവിടെയുള്ള ഘോദ്ബന്ദര്‍ സ്‌കൈ വാക്കിലൂടെ നടന്നു പോവുകയായിരുന്ന 17-കാരിക്കെതിരെയാണ് ആക്രമണം നടന്നത്. ഇക്കഴിഞ്ഞ 11-ാം തീയതിയാണ് ഇവിടെ കൗമാരക്കാരിക്കു നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അക്രമിച്ചയാള്‍ പിടിയിലാവുകയും ചെയ്തു. മന്‍പാദയിലെ മനോരമ നഗറില്‍ താമസിക്കുന്ന ദിനേശ് ഗൗഡ് എന്ന 33-കാരനാണ് അറസ്റ്റിലായത്. ഇയാളുടെ മുഖത്ത് കടിയേറ്റ പാടുകളുണ്ടായിരുന്നു. ഇയാള്‍ക്കെതിരൈ ലൈംഗിക അതിക്രമം, പോക്‌സോ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അജ്ഞാതനായ അക്രമിക്കു വേണ്ടി പൊലീസ് അന്വേഷണം നടത്തിയതെന്ന് വര്‍തക് നഗര്‍ ഡിവിഷന്‍ അസി. പൊലീസ് കമീഷണര്‍ നിലേഷ് സോനാവാനെ പറഞ്ഞു. യുവതി പറഞ്ഞ അടയാളങ്ങള്‍ പ്രകാരമാണ് അന്വേഷണം നടത്തിയത്. നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിച്ചു. എന്നിട്ടും പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ല. അതിനിടെ, സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിലെ രഹസ്യ പൊലീസുകാര്‍ നല്‍കിയ വിവരപ്രകാരമാണ് ഇയാള്‍ അറസ്റ്റിലായത്. മുഖത്ത് കടിയേറ്റ പാടുള്ളതിനാലാണ് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.