കോട്ടയം: വഴിയരികിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്‍റെ കാറ്റഴിച്ചു വിട്ടയാൾക്കെതിരെ പൊലീസിന് പരാതി. കോട്ടയം വാഴൂരിൽ ഞായറാഴ്ച രാവിലേ പതിനൊന്നു മണിയോടെയാണ് ഒരാൾ ആംബുലൻസിന്‍റെ മുൻ വശത്തെ ടയറിന്‍റെ കാറ്റ് അഴിച്ചു വിട്ടത്. തൊട്ടടുത്ത ദിവസം രോഗിയുമായി പോകാൻ ഡ്രൈവർ വാഹനം എടുക്കുമ്പോഴാണ് ടയറിൽ കാറ്റ് ഇല്ലാത്ത വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ടയറിന്‍റെ ട്യൂബിനുള്ളിൽ മണൽ നിറച്ചതായി കണ്ടെത്തി. സംശയം തോന്നിയ ആംബുലൻസ് ഉടമ ജിബിൻ സമീപത്തെ സി സി ടി വി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ഒരു മധ്യവയസ്കൻ ആംബുലൻസ്ന് ചുറ്റും നടക്കുന്നതും കാറ്റ് അഴിച്ചു വിടുന്നതും സിസിടിവിയിൽ വ്യക്തമാണ്. ജിബിന്റെ അയൽവാസി തന്നെയാണ് പ്രതി. എന്നാൽ ഇയാളുമായി ഒരു പ്രശ്നവുമില്ലെന്ന് ജിബിൻ പറയുന്നു. കാറ്റ് ഇല്ലാത്തതിനാൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ അരമണിക്കൂറോളം വൈകി. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസിന് നൽകിയ പരാതി നൽകിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളുണ്ടായിട്ടും കുറ്റം സമ്മതിക്കാൻ അയൽവാസി കൂട്ടാക്കിയിട്ടില്ല.