തൃശ്ശൂർ: വലപ്പാട് മീഞ്ചന്തയിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച. പത്തുലക്ഷത്തോളം രൂപ മോഷ്ടാക്കൾ കവർന്നു. ദേശീയപാതയോട് ചേർന്നുള്ള വികെഎസ് ട്രേഡേഴ്സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് കവർച്ച നടന്നത്. രാവിലെ ഏഴുമണിയോടെയാണ് കടയുടമ കവർച്ച നടന്ന വിവരം അറിയുന്നത്. സിഗരറ്റ് ഉൾപ്പെടെ വാങ്ങിയതിൽ നൽകാനുള്ള പണം അലമാരക്ക് മുകളിലെ ഒരു ബാഗിലാണ് സൂക്ഷിച്ചിരുന്നത്.
വലപ്പാട് പൊലീസ് നടത്തിയ തിരച്ചിലിൽ മീഞ്ചന്തയിലെ മറ്റൊരു കെട്ടിടത്തിന്റെ ടെറസിൽ രണ്ട് ബാഗുകളും കണ്ടെത്തി. പണം കവർന്ന ശേഷം ബാഗുകൾ അവിടെ തന്നെ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്‌ക്വാഡും, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേ സമയം സമീപത്തെ ഹോട്ടലിൽ പണിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഇന്നലെ വൈകീട്ടോടെ നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇയാൾ താമസിക്കുന്ന മുറിയിലും ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. പണം കടയിൽ സൂക്ഷിക്കുന്നുണ്ടെന്ന് കൃത്യമായി അറിയാവുന്നവർ ആയിരിക്കാം കവർച്ചക്ക് പിന്നിലെന്നാണ് കരുതുന്നത്.