ന്യൂഡൽഹി: രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു. ജൂലൈയിൽ പണപ്പെരുപ്പം അഞ്ച് മാസത്തിനിടയിലെ കുറഞ്ഞ നിരക്കായ 13.93 ശതമാനത്തിലെത്തി. പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും ഇപ്പോഴും ഇരട്ടയക്കത്തിൽ തന്നെ തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. തുടർച്ചയായ 16ാം മാസമാണ് പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
മെയിൽ പണപ്പെരുപ്പം 15.18 ശതമാനത്തിലേക്ക് എത്തിയിരുന്നു. എണ്ണവില 100 ഡോളർ കടന്നതോടെയാണ് പണപ്പെരുപ്പവും കുതിച്ചത്. എന്നാൽ, ആഗോളതലത്തിൽ ഇപ്പോൾ എണ്ണവില കുറയുകയാണ്. 94.27 ഡോളറാണ് നിലവിലെ എണ്ണവില. ഭക്ഷ്യവിലക്കയറ്റം എട്ട് മാസത്തിനിടയിലെ കുറഞ്ഞ നിരക്കായ 8.7 ശതമാനത്തിലെത്തി. ജൂണിൽ ഇത് 11.8 ശതമാനമായിരുന്നു. പച്ചക്കറി ഉൾപ്പടെ പല ഭക്ഷ്യവസ്തുക്കളുടേയും വില കുറഞ്ഞിട്ടുണ്ട്. അതേസമയം, റീടെയിൽ പണപ്പെരുപ്പം കുറയാത്തതിനാൽ ആർ.ബി.ഐ വീണ്ടും നിരക്കുകൾ ഉയർത്തുമെന്നാണ് സൂചന.