ന്യൂഡൽഹി: ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വ്യാജൻ വിറ്റ വെബ്സൈറ്റ് പൂട്ടിക്കാൻ ഉത്തരവ്. ലോകത്തെ പ്രമുഖ ബ്രാൻഡുകളുടെ ഫൂട്ട് വെയർ ബ്രാൻഡുകളായ ന്യൂ ബാലൻസ്, അഡിഡാസ്, ലുയി വുട്ടൺ, നൈക്കി തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണ് വലിയ രീതിയിൽ വിലകുറച്ച് വിറ്റിരുന്നത്.
www.myshoeshop.com എന്ന വെബ്സൈറ്റുമായി ബന്ധപ്പെട്ട മൂന്ന് മൊബൈൽ നമ്പറുകളുടെ കെ.വൈ.സി വിവരങ്ങൾ പരിശോധിക്കാനും ജസ്റ്റിസ് നവീൻ ചൗള ഉത്തരവിട്ടു. വെബ്സൈറ്റിന്റെ ഇൻസ്റ്റഗ്രാം പേജ് സസ്‍പെൻഡ് ചെയ്യാനും കോടതി നിർദേശിച്ചു.
യു.എസ് ഷൂ നിർമ്മാതാക്കളായ ന്യൂ ബാലൻസ് അത്‍ലറ്റിക്സാണ് ഇതുസംബന്ധിച്ച് കേസ് നൽകിയത്. 1906ൽ ഉൽപാദനം തുടങ്ങിയ കമ്പനി നിലവിൽ 120 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.
ന്യൂ ബാലൻസിന്റെ മാത്രമല്ല മറ്റ് പ്രമുഖ ബ്രാൻഡുകളുടേയും ട്രേഡ്മാർക്ക് നിയമം ലംഘിക്കപ്പെട്ടുവെന്നും കുറ്റക്കാരൻ കേസിൽ 30 ദിവസത്തിനകം വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു. നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.