കല്‍പ്പറ്റ: മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി. മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളി’ല്‍ നിന്നുമാണ് പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമായ പന്നിയിറച്ചി പിടികൂടിയത്. പന്നിയിറച്ചി വിൽക്കുന്ന സ്റ്റാൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി സ്റ്റാളില്‍ പഴകിയ പന്നിമാംസം വില്‍പ്പനക്ക് വെച്ചതായി കണ്ടെത്തിയത്.
25 കിലോയോളം വരുന്ന മാംസം പൂപ്പല്‍ നിറഞ്ഞ അവസ്ഥയിലാണുണ്ടായിരുന്നത്. സ്ഥാപനത്തില്‍ നിന്ന് ഹെല്‍ത്ത് കാര്‍ഡോ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ലൈസന്‍സാണ് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരന്‍ ഹാജരാക്കിയതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീത പറഞ്ഞു. സ്ഥാപനം അടച്ചു പൂട്ടുകയും കണ്ടെടുത്ത മാംസം ആരോഗ്യ വകുപ്പ് ഫെനോയില്‍ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു.