ന്യൂസിലാൻഡ് : ലേലത്തിൽ വാങ്ങിയ സ്യൂട്ട്കേസ് വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ അതിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ. ന്യൂസിലാൻഡ് പൊലീസ് ഇപ്പോൾ ഈ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സൗത്ത് ഓക്ക്ലാൻഡിലാണ് സംഭവം നടന്നത്. പൊലീസ് അധികൃതർ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം അവശിഷ്ടങ്ങൾ ആരുടേതാണ് എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലുമാണ് അന്വേഷണ സംഘം.
കുടുംബത്തിന് ഈ സംഭവങ്ങളിലൊന്നും പങ്കില്ല എന്ന് വിശ്വസിക്കുന്നതായി പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് കുടുംബം സ്റ്റോറേജിലെത്തിയത്. ഒരുപാട് സാധനങ്ങൾ അവിടെ നിന്നും കുടുംബം വാങ്ങി. അക്കൂട്ടത്തിൽ പെട്ടതായിരുന്നു ഈ സ്യൂട്ട്കേസും. ഒരു ലോക്കറിൽ ഉപേക്ഷിച്ച സാധനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവയുടെ വിൽപന നടന്നത് എന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സമാനമായ ലേലങ്ങളിൽ ലേലം വിളിക്കുന്നവർക്ക് സാധാരണയായി വാങ്ങുന്ന ഇനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ ശരീരാവശിഷ്ടങ്ങൾ അവർ കണ്ടത് സ്വന്തം വീട്ടിലെത്തി അത് തുറന്ന് പരിശോധിച്ചപ്പോൾ മാത്രമാണ് എന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ടോഫിലാവു ഫാമാനുയിയ വയിലൂവ പറഞ്ഞു.
പൊലീസ് എത്തുന്നതിന് മുമ്പ് വീട്ടിൽ നിന്നും ഒരു വൃത്തികെട്ട മണം പുറത്ത് വന്നിരുന്നു എന്ന് നിരവധി അയൽക്കാരും പറഞ്ഞു. നേരത്തെ ശ്മശാനത്തിൽ ജോലി ചെയ്തിരുന്ന ഒരു അയൽക്കാരൻ പറയുന്നത് ആ മണം എളുപ്പത്തിൽ തിരിച്ചറിയാമായിരുന്നു എന്നാണ്. പെട്ടെന്ന് തന്നെ തനിക്ക് ആ മണം മനസിലായി. അത് എവിടെ നിന്നുമാണ് വരുന്നത് എന്ന് ഞാൻ അന്തം വിട്ടു എന്ന് ഇയാൾ പറയുന്നു.
ആരാണ് മരിച്ചത് എന്ന് കണ്ടെത്തണം. എങ്കിൽ മാത്രമേ എന്താണ് സംഭവിച്ചത്, ആരാണ് അത് ചെയ്തത് എന്നതടക്കമുള്ള കാര്യങ്ങൾ മനസിലാക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.