ദില്ലി: ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുത്തിന് പിന്നാാലെ രാജിവെച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നിര്‍ണായക സ്ഥാനത്ത് നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചത്.
ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ആസാദ് രാജിവച്ചു. പാർട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പുതിയ സ്ഥാനത്തെ തരംതാഴ്ത്തലായാണ് ആസാദ് വിലയിരുത്തിയതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന നേതാവ്, മുൻ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തെ സംസ്ഥാനത്തിന്റെ പ്രചാരണ ചുമതല ഏൽപ്പിച്ചത് തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും ആസാദ് വിലയിരുത്തിയെന്ന് വൃത്തങ്ങൾ പറഞ്ഞു. പാർട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളിൽ പ്രധാനിയാണ് ആസാദ്.
ആസാദിന്റെ അടുത്ത അനുയായിയായ ഗുലാം അഹമ്മദ് മിറിനെ ജമ്മു കശ്മീർ അധ്യക്ഷ സ്ഥാനത്തുനിന്ന് കഴിഞ്ഞ മാസം നീക്കിയിരുന്നു. ഈ തീരുമാനത്തിലും ആസാദ് അസംതൃപ്തനായിരുന്നു. മിറിന് പകരം വികാരർ റസൂൽ വാനിയെയാണ് അധ്യക്ഷനായി നിയമിച്ചത്. പ്രചാരണ സമിതി, രാഷ്ട്രീയകാര്യ സമിതി, ഏകോപന സമിതി, പ്രകടന പത്രിക കമ്മിറ്റി, പബ്ലിസിറ്റി ആൻഡ് പ്രസിദ്ധീകരണ കമ്മിറ്റി, അച്ചടക്ക സമിതി, പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയും സോണിയ ഗാന്ധി രൂപീകരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ. സാങ്കേതികമായ കാരണങ്ങളാൽ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിലും ആശങ്കയുണ്ട്. വോട്ടര്‍ പട്ടിക തയാറാക്കലും മണ്ഡല പുനര്‍നിര്‍ണയവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആസാദ് നിര്‍ണായക സ്ഥാനങ്ങള്‍ രാജിവച്ചത്.