കോട്ടയം: പക്ഷിപ്പനി മൂലം വിപണിക്കേറ്റ കനത്ത തിരിച്ചടി നേരിടാൻ ഡക്ക് ഫെസ്റ്റ് ഒരുക്കുകയാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകർ. വ്യാഴാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ 150 പേർക്ക് അപ്പവും താറാവുകറിയും തയാറാക്കി വിതരണം ചെയ്ത് വ്യത്യസ്ത രീതിയിലാണ് കർഷകരുടെ ബോധവത്കരണം. ഉച്ചക്ക് 12ന് ആരംഭിക്കുന്ന ഡക്ക് ഫെസ്്റ്റിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ മുഖ്യാതിഥികളാകും.
ഏറെ പ്രതീക്ഷയോടെ ക്രിസ്മസ് – പുതുവത്സര വിപണിയെ കാത്തിരുന്ന താറാവ് കർഷകർക്ക് കനത്ത തിരിച്ചടിയാണ് ഡിസംബർ 14ന് റിപ്പോർട്ട് ചെയ്ത പക്ഷിപ്പനി മൂലം നേരിട്ടത്. നന്നായി വേവിച്ച താറാവിറച്ചിയും മുട്ടയും ഭക്ഷിക്കാമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പ് അധികൃതരും നിർദേശിച്ചിരുന്നെങ്കിലും ജനങ്ങളിലെ ആശങ്ക തുടരുകയാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഡക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.