ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രി തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തൃശ്ശൂർ ചാവക്കാട് സ്വദേശി നിഷാദ് എന്നയാളാണ് ആശുപത്രിക്ക് തീയിട്ടത്. ഡീസൽ ഉപയോഗിച്ച് ഓക്സിജൻ പ്ലാന്‍റിന് തീയിടുകയായിരുന്നു എന്നാണ് നിഗമനം. ഒരു വാനും ട്രാൻസ്ഫോമറും തീ പിടിത്തത്തിൽ കത്തി നശിച്ചിരുന്നു. നിഷാദ് തീയിടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ പ്രതി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
ആലുവ നഗരമധ്യത്തിലെ നജാത്ത് ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നജാത്ത് ആശുപത്രിയിലെ തന്നെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിഷാദിന്റെ പങ്ക് വ്യക്തമായത്. ഇയാൾ ഡീസൽ ഒഴിച്ച് ഓക്സിജൻ പ്ലാന്റിന് തീയിടുന്നത് ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതായാണ് വിവരം.
തീയാളി പടർന്നതോടെ ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള പിക് അപ് വാനും, ആശുപത്രി പരിസരത്തെ ട്രാൻസ്ഫോർമറും കത്തി നശിച്ചിരുന്നു. നിഷാദിനെതിരെ കേസെടുത്തതായി ആലുവ സി ഐ അനിൽ കുമാർ അറിയിച്ചു. ആലുവക്കടുത്ത് ഉളിയന്നൂരിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു നിഷാദ്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണോയെന്ന സംശയം പൊലീസിനുണ്ട്. പ്രതി ഒളിവിലായതിനാൽ, ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിഷാദിനെ കൊണ്ട് മറ്റാരെങ്കിലും ഇത് ചെയ്യിപ്പിച്ചതാവാമെന്ന സംശയമാണ് നജാത്ത് ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു മുൻപ് വിജിലൻസ് ഉദ്യോഗസ്ഥരെന്ന പേരിൽ രണ്ട് പേർ നജാത്ത് ആശുപത്രിയിലെത്തിയിരുന്നു. ഈ സംഭവത്തിലും ആശുപത്രി മാനേജ്മെന്റ് പരാതി നൽകിയിരുന്നു. ഓഗസ്റ്റ് 12 നായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെയാണ് ആശുപത്രി തീ കൊളുത്തി ഇല്ലാതാക്കാനുള്ള ശ്രമം നടന്നത്.