മലപ്പുറം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ 11 മാസത്തിനുശേഷം മോഷ്ടാവ് പിടിയിൽ. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസലാമി (32) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചേലേമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ആണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്‌സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5,000 രൂപയ്ക്ക് ഇയാള്‍ സുഹൃത്തിന് വിൽപ്പന നടത്തുകയായിരുന്നു.
അഞ്ച് മാസം മുമ്പ് തിരൂരില്‍ വാഹനപരിശോധന നടത്തുന്നതിനിടെ കെ എല്‍ 65 ബി 1028 എന്ന വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബുള്ളറ്റ് സഹിതം അസൈനാര്‍ കൂട്ടായി എന്നയാള്‍ പിടിയിലായിരുന്നു. തുടര്‍ന്ന് വാഹനത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ചതില്‍ ഇയാളുടെ സുഹൃത്ത് കണ്ണമംഗലം സ്വദേശി മൂച്ചിത്തോട്ടത്തില്‍ രാജേഷ് കൊടുത്തതാണെന്നും രാജേഷിന് ഇത് വേങ്ങരയില്‍ കഞ്ചാവുമായി പിടിക്കപ്പെട്ട് ജയിലിലായ വേങ്ങര മണ്ണില്‍ വീട്ടില്‍ അനിയാണ് കൊടുത്തതെന്നും കണ്ടെത്തിയിരുന്നു.
പിടിയിലായ സലാമാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ചത്. തുടര്‍ന്ന് നമ്പര്‍ മാറ്റി മൂന്ന് മാസത്തോളം ഉപയോഗിക്കുകയും ഇരുകുളത്തുവച്ച് നടന്ന ഒരു അപകടത്തില്‍ വാഹനത്തിന് കേടുപാട് പറ്റിയതിനെത്തുടര്‍ന്ന് പൊളിമാര്‍ക്കറ്റില്‍നിന്ന് പാര്‍ട്‌സുകള്‍ വാങ്ങി രൂപമാറ്റം വരുത്തി അനിയുടെ സഹായത്തോടെ വിൽപ്പന നടത്തുകയുമായിരുന്നു. ഇയാളുടെ പേരില്‍ ലഹരിക്കടത്തിനും കേസ് നിലവില്‍ ഉണ്ട്. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, തേഞ്ഞിപ്പലം ഇന്‍സ്പക്ടര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍ എന്നിവരും തേഞ്ഞിപ്പലം സ്റ്റേഷനിലെ ഉണ്ണിക്കൃഷ്ണന്‍, നവീന്‍ എന്നിവരുരും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.