തിരുവനന്തപുരം: അടിസ്ഥാന വികസനം കാർഷിക മേഖലയിലാണ് നടക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്കിലേ നാട്ടിൽ വികസനം പൂർണ അർത്ഥത്തിൽ നടപ്പിലാകൂ. ഈ ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ കേരളത്തിൽഒരുപാട് നടപടികൾ സ്വീകരിച്ചു. അതിന്റെ ഗുണവും മാറ്റവും നമ്മുടെ നാട്ടിലുണ്ടായി. സംസ്ഥാനതല കാർഷിക ദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കറി കൃഷിയിലെ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തെ പ്രളയവും പിന്നീടുണ്ടായ കാലാവസ്ഥാ മാറ്റവും തിരിച്ചടിയായി. പാലുൽപ്പാദനം വർധിപ്പിക്കാൻ നല്ല തോതിൽ കഴിഞ്ഞു. മുട്ടയും കോഴിയിറച്ചിയും മുൻപ് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുമായിരുന്നു. അതിലെല്ലാം മാറ്റമുണ്ടാക്കാനും സ്വയം പര്യാപ്തതയിൽ എത്തിക്കാനുമാണ് സർക്കാരിന്റെ ശ്രമം.
പച്ചക്കറി ഉൽപ്പാദനം കേരളത്തിൽ വർധിപ്പിക്കും. വിളവെടുക്കുന്ന പച്ചക്കറി സൂക്ഷിക്കാൻ ആവശ്യമായ ശീതീകരണ സംവിധാനങ്ങൾ ഉണ്ടാക്കാൻ എല്ലാ നടപടികളും ഫലപ്രദമായി നടപ്പിലാവുകയാണ്. നേരത്തെ ആലോചനയിലുണ്ടായ പദ്ധതി പ്രാവർത്തികമാവുകയാണ്. പച്ചക്കറികൾ വിളവെടുക്കുന്നതിന് അടുത്ത് ശീതീകരണ സംവിധാനമുള്ള ഇടത്ത് സൂക്ഷിക്കും. ഇവിടെ നിന്ന് ശീതീകരണ സംവിധാനമുള്ള വാഹനത്തിൽ മാർക്കറ്റിലേക്കും മറ്റും എത്തിക്കും.
വിദേശത്തേക്ക് അയക്കണമെങ്കിൽ അതിനടക്കം സാധിക്കും വിധം കൃഷിയെ മാറ്റാൻ ശ്രമിക്കും. തദ്ദേശ സ്വയം ഭരണവകുപ്പും കൃഷി വകുപ്പും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. കാർഷിക രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. കേരളത്തെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെടുത്താനാണ് ശ്രമം. പഴം, കിഴങ്ങ് വർഗങ്ങളും നല്ല പോലെ കേരളത്തിൽ വിളയിക്കാൻ കഴിയും.
എന്തും വിളയുന്ന നല്ല മണ്ണാണ് കേരളത്തിലേത്. മാർക്കറ്റിൽ കിട്ടുന്ന പലതും കേരളത്തിൽ ഉൽപ്പാദിപ്പിക്കാനാവില്ലെന്ന് മുൻപ് കരുതി. എന്നാൽ കർഷകർ അതെല്ലാം തെറ്റാണെന്ന് പരിശ്രമത്തിലൂടെ തെളിയിച്ചു. വിദ്യാഭ്യാസ മേഖലയെ കാർഷിക വൃത്തിയുമായി ബന്ധിപ്പിക്കും. കാർഷിക കോളേജിലും സർവകലാശാലയിലും പഠിക്കുന്ന നിശ്ചിത കോഴ്സുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്ക് 2500 രൂപ ഇൻസെന്റീവ് നൽകി പുതിയ പദ്ധതി നടപ്പാക്കും. വിദ്യാർത്ഥികളും കർഷകരും പരസ്പരം അറിവ് പങ്കുവെക്കുന്നതാണ് പദ്ധതി.
കേരളത്തിൽ ആവശ്യമായത്ര അരി ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല. അത് നാടിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ്. നേരത്തെ പലരും കൃഷി ചെയ്യാതെ പിന്മാറി. നെൽപ്പാടങ്ങൾ തരിശായി കിടന്നു. എന്നാൽ അതിന് സാരമായ മാറ്റം വന്നു. കഴിഞ്ഞ സർക്കാർ എടുന്ന നടപടികളിലൂടെ വലിയ തോതിൽ ആളുകൾ കാർഷിക രംഗത്തേക്ക് മാറി. നെല്ലുൽപ്പാദനത്തിൽ മുന്നേറ്റമുണ്ടായി.
കാലം മാറി വരുമ്പോ പലതിലും മാറ്റം വരുന്നു. ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതി വരുന്നു. അതുകൊണ്ടാണ് ആരോഗ്യത്തിന് ഹാനികരമായ നിലയിൽ പച്ചക്കറികളും മറ്റും കേരളത്തിലേക്ക് വന്നത്. എന്നാൽ ഇപ്പോൾ വലിയ തോതിൽ മാറ്റമുണ്ടായി. പലതിനും സർക്കാർ ജനത്തിന്റെ കൂടെ നിൽക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.