തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം ഇന്ന് മൂന്നാംദിവസം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം.
സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാന വിഷയങ്ങളിൽ അല്ല ചർച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്.അടുത്ത തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്ന് സമര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.