കൊച്ചി: തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്റെ സുഹൃത്തുക്കളാണെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്, ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും സംവിധായകൻ പ്രതികരിച്ചു.
‘തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന പൊലീസ് റിപ്പോർട്ടിൽ വളരെയധികം സന്തോഷമുണ്ട്. അദ്ഭുതപ്പെടുത്തുന്ന കാര്യം ഇത് കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതാണെന്നതാണ്. എഫ്ഐആർ വഴി എനിക്ക് പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തിൽ അവർ പല സ്ഥലത്ത് പല പേരുകളിൽ പല പ്രായത്തിലാണ് പ്രവർത്തിച്ചതെന്നാണ് കണ്ടത്.
അവരുടെ ഫോട്ടോ പോലും താനിത് വരെ കണ്ടിട്ടില്ല. അവരെ അറിയില്ല. അത്തരത്തിലൊരാൾ ഇങ്ങനെ പരാതി നൽകുമ്പോൾ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന നിലയിലാണ്. താൻ ദിലീപിനെതിരെ മൊഴി കൊടുത്തത് കൊണ്ടാണ് കേസ് വന്നത്. തന്നെ അറസ്റ്റ് ചെയ്താൽ ആലുവ സബ് ജയിലിൽ റിമാന്റ് ചെയ്യും, തന്നെ അവരുടെ കൈയ്യകലത്തിൽ കിട്ടാനായിരുന്നു ശ്രമമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
എന്നോട് ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ നീക്കമായിരുന്നു ഇത്. നിയമപരമായി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണ്, അത് പോവും. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂ. ഏതറ്റം വരെ പോയാലും താൻ ആ പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകനെതിരായ ലൈംഗിക പീഡന പരാതിയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗ ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ട്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും ഇവരുടെ മൊഴിയിലും പരാതിയിലും പൊരുത്തക്കേടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.