ന്യൂഡല്‍ഹി : ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന സൂചന നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. എല്ലാ പാര്‍ട്ടികളില്‍ നിന്നും ഇതുസംബന്ധിച്ച് അഭിപ്രായം തേടിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്തവര്‍ഷമാദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നീട്ടിവക്കുന്നതുള്‍പ്പെടെയുള്ള സാധ്യത പരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘം സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കമ്മിഷന്‍ സംസാരിച്ചിരുന്നു. സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ പോളിങ് ബൂത്തുകളുടെ എണ്ണവും കൂട്ടും. ആകെ 11,000 പോളിങ് ബൂത്തുകളാകും സംസ്ഥാനത്ത് സജ്ജമാക്കുക. 80 വയസും അതിലധികവും പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.