ന്യൂഡൽഹി : കേരളത്തിലടക്കം ഇന്ത്യയിലെ 11 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവേ. 1.1 ലക്ഷം സ്ത്രീകളിലും ഒരു ലക്ഷം പുരുഷൻമാരിലും നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് കണ്ടെത്തൽ. കേരളം കൂടാതെ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലുള്ളത്.
രാജസ്ഥാനിൽ സ്ത്രീകൾക്ക് ശരാശരി 3.1 പങ്കാളികളുള്ളപ്പോൾ പുരുഷന്മാർക്ക് ഇത് 1.8 ആണ്. അതേസമയം, പങ്കാളിയോ കൂടെ താമസിച്ചവരോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ പുരുഷന്മാരാണ് മുൻപിൽ. നാല് ശതമാനം പുരുഷന്മാർ ഇത്തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ 0.5 ശതമാനം സ്ത്രീകൾക്കു മാത്രമാണ് പങ്കാളികളല്ലാത്തവരുമായി ലൈംഗിക ബന്ധമുള്ളത്.
28 സംസ്ഥാനങ്ങളിൽനിന്നും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി രാജ്യത്തെ 707 ജില്ലകളിൽ 2019-21 കാലയളവിലാണ് ദേശീയ കുടുംബാരോഗ്യ സർവേ-5 നടത്തിയത്. നയ രൂപീകരണത്തിനും ഫലപ്രദമായി പദ്ധതികൾ നടപ്പാക്കുന്നതിനും ഉപയോഗപ്രദമായ സാമൂഹിക, സാമ്പത്തിക, മറ്റു പശ്ചാത്തല സവിശേഷതകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഡേറ്റയും ഉൾപ്പെടുന്നതാണ് സർവേ.