കോഴിക്കോട് : ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. വസ്ത്രധാരണം മാറിയതുകൊണ്ട് ലിംഗസമത്വം ഉണ്ടാകില്ല. എം.കെ.മുനീറിന്‍റെയും പി.എം.എ. സലാമിന്‍റെയും പ്രസ്താവനകള്‍ക്ക് അവര്‍തന്നെ വ്യക്തത വരുത്തണമെന്നും ഇ.ടി. പറഞ്ഞു.
‘‘ആൺകുട്ടിക്കും പെൺകുട്ടിക്കും, സ്ത്രീക്കും പുരുഷനും തുല്യതയുണ്ടാവണം. ജെൻഡർ ന്യൂട്രാലിറ്റിയുടെ ആത്മാവ് അതാണ്. ലിംഗസമത്വത്തിലേക്കു കൊണ്ടുപോകാൻ പെൺകുട്ടികൾ ആൺകുട്ടികളെ പോലെ പാന്റ്സ് ധരിക്കണമെന്നു പറയുന്നതിലെ യുക്തിയെന്താണ്? പെൺകുട്ടി പാന്റു മാത്രമേ ധരിക്കാവൂ എന്നു പറയുന്നതിലാണ് തെറ്റ്.’’– ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിരുന്നു. എന്നാല്‍ കോളജ് ക്യാംപസുകളില്‍ ഒരുമിച്ച് ഇടപഴകുന്നതില്‍ തെറ്റില്ല. ജെൻഡർ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നെന്നും സലാം ആരോപിച്ചു.
മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്നാണ് എം.കെ.മുനീര്‍ കഴിഞ്ഞദിവസം പറഞ്ഞത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നു മുനീർ ചോദിച്ചതും വിവാദമായി.