തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ രൂപതയുടെ പ്രതിഷേധം അഞ്ചാംദിവസവും തുടരും. പദ്ധതി പ്രദേശം നിലനിൽക്കുന്ന വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. സമാധാനമായി പ്രതിഷേധിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചായിരിക്കും ഇന്നത്തെ പ്രതിഷേധം. മതബോധന അധ്യാപകരും സമിതി അംഗങ്ങളും പ്രതിഷേധപ്പന്തലിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച യോഗത്തിൽ സമവായ നീക്കങ്ങളുണ്ടായെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമരസമിതി. തുറമുഖ നിർമ്മാണം നിർത്തിയുള്ള ആഘാത പഠനത്തിലും മണ്ണെണ്ണ സബ്സിഡിയിലുമാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. ക്യാംപിലുള്ളവരെ തത്കാലം വാടക വീടുകളിലേക്കും പിന്നീട് സ്ഥിരം പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റിപ്പാര്‍ക്കിനായിരുന്നു ഇന്നലത്തെ ധാരണ. ഇത് നടപ്പിലായാൽ പ്രതിഷേധം വലിയ തോതിൽ കനക്കാൻ സാധ്യത കുറവാണ്.
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനും ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി ഇന്നലെ നടന്ന ചര്‍ച്ച രണ്ടരമണിക്കൂര്‍ ആണ് നീണ്ടുനിന്നത്. അനുകൂല പ്രതികരണമാണ് മന്ത്രിമാരിൽ നിന്നുണ്ടായതെന്ന് സമരസമിതി നേതാവും ലത്തീൻ അതിരൂപത വികാരിയുമായ ജനറൽ യൂജിൻ പെരേര പറഞ്ഞു.