ദില്ലി : കണ്ണൂർ വൈസ് ചാൻസിലറെ കടന്നാക്രമിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദവി മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു. കേരള സർവകലാശാലയിൽ പ്രമേയം പാസാക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നും താൻ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നുമാണ് ഗവർണറുടെ നിലപാട്.