തിരുവനന്തപുരം: ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് ശക്തമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന അവസ്ഥയാണ്. ജാതി – ഭാഷ – മത വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മധ്യപ്രദേശിൽ കൂജയിൽ നിന്നും വെള്ളം കുടിച്ചതിന് കുട്ടിയെ അധ്യാപകൻ തല്ലിക്കൊന്നത് ജാതിവ്യവസ്ഥ ഇന്നും ശക്തിയായി നിൽക്കുന്നതിന് തെളിവാണ്. ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന അവസ്ഥയാണ്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. പ്രത്യേകമായ രീതിയിൽ സംസ്ഥാനത്ത് സാമ്പത്തിക സമ്മർദ്ദം കേന്ദ്രം ചെലുത്തുന്നു. ഗ്രാന്‍റ് വെട്ടിക്കുറയ്ക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള പ്രവർത്തനങ്ങൾ കേന്ദ്രo തടസ്സപ്പെടുത്തുന്നു. എന്നാൽ കേന്ദ്രo സമാന രീതിയിൽ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാകുന്നു.
കൊവിഡ് കാലത്ത് ശമ്പളമോ ക്ഷേമ പ്രവർത്തനമോ തടസ്സപ്പെട്ടില്ല. തൊഴിലില്ലായ്മ രാജ്യത്ത് വർദ്ധിക്കുന്നു. ജൂൺ-ജൂലൈ മാസങ്ങളിൽ മാത്രം 80 ലക്ഷം തൊഴിൽ വ്യവസായ-സേവന മേഖലയിൽ നഷ്ടമായെന്നാണ് കണക്കുകൾ പുറത്തുവന്നത്. 10 ലക്ഷം തസ്തികൾ രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നു. കേന്ദ്രം നിയമനം നൽകുന്നു. തൊഴിൽ നൽകേണ്ട ഒട്ടേറെ സ്ഥാപനങ്ങളിൽ നിയമന നിരോധനം നിലനിൽക്കുന്നു.
വലിയ രീതിയിലുള്ള രക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ്. തൊഴിൽ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സൈന്യത്തിൽ കരാർ നിയമനം കൊണ്ടുവന്നു. ചെറുപ്പക്കാരിൽ 42% തൊഴിൽ രഹിതരാണ്. അപ്പോഴാണ് ഈ മാറ്റo കൊണ്ടുവന്നത്. സിവിൽ സർവീസിനെയും തകർത്തു. ഐടി മേഖലയിലും വ്യവസായ മേഖലയിലും കേരളത്തിന് പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും നിയമനം നൽകുകയും ചെയുന്നു. ശാസ്ത്രീയമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുളള സംവിധാനം കൊണ്ടുവരും. ഒരാൾ സർക്കാര്‍ സർവ്വീസിൽ ചേർന്നാൽ എന്നാണ് വിരമിക്കുന്നത് എന്നത് കൃത്യമായി അറിയാം. ആ ദിവസം വരുമ്പോൾ ഒഴിവ് പി എസ് സിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന വിധത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം കൊണ്ടുവരും.
ആറ് വർഷത്തിനിടെ രണ്ട് ലക്ഷത്തിലധികം പേർക്ക് പി എസ് സി വഴി നിയമനം നൽകി. രാജ്യത്തെ മറ്റൊരു പിഎസ് സി ക്കും നേടാനാകാത്ത നേട്ടമാണിത്.