തിരുവനന്തപുരം : സംസ്ഥാന ഗവര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമര്‍ശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയര്‍ത്തിയത്. തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസിലരോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്.
യൂണിവേഴ്സിറ്റിയിലെ സിപിഎം സെനറ്റ് പ്രതിനി ബാബു ജാനാണ് പ്രമേയം അവതരിപ്പിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ യുഡിഎഫ് പ്രതിനിധികൾ പിന്തുണച്ചില്ല. ഗവർണർ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല. പ്രമേയം അവതരിപ്പിച്ച സാഹചര്യത്തിൽ ഗവർണർക്ക് ആവശ്യമെങ്കിൽ കേരള വിസിക്ക് എതിരെ നടപടി എടുക്കാം.