പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷിഫാന് ജാമ്യം. മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ഷിഫാന് കോടതി ജാമ്യം നൽകിയത്. മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. പത്ത് ദിവസം കഴിഞ്ഞ് വീണ്ടും കോടതിയെ സമീപിക്കാമെന്നും അതിന് മുൻപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കേസിൽ നിന്ന് പിന്മാറാൻ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാൻ. അബ്ബാസിനൊപ്പം മധുവിന്‍റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ പൊലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഷിഫാന്രെ താമസസ്ഥലത്ത് നടത്തിയ റെയ‍്‍ഡില്‍ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ചതായിരുന്നോ പണം എന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു.