തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കൺട്രോൾ റൂംഎസ് ഐ സാബു രാജൻ, സിവിൽ പൊലീസ് ഓഫീസർ സുനിൽ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പൊലീസുകാരെ സസ്പെൻഡ് ചെയ്ത ഉത്തരവിനെതിരെ മന്ത്രിയും പൊലീസ് സംഘടനകളും രംഗത്തുവന്നിരുന്നു.
തിരിക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്പെൻഡ് ചെയ്തത്. പള്ളിച്ചൽ മുതൽ വെട്ട്റോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് പോയ ജീപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗതാഗതകുരുക്ക് ഒഴിവാക്കാൻ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ പതിവ് റൂട്ട് മാറ്റിയതിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് മന്ത്രി പരാതി അറിയിച്ചു. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവുമുണ്ടാക്കിയെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥരെ കമ്മീഷണർ ജി സ്പർജൻ കുമാർ സസ്പെൻഡ് ചെയ്തത്.
എന്നാല്‍, തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഉത്തരവിനെതിരെ നിയമ മന്ത്രി പി രാജീവ് രംഗത്തെത്തി. താൻ അതൃപ്തി അറിയിച്ചതുകൊണ്ടാണ് സസ്പെൻഡ് ചെയ്തതെന്ന് ഉത്തരവിറക്കിയത് ശരിയായില്ലെന്നും, തന്‍റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമിലെ രണ്ട് പൊലീസുകാരുടെ സസ്പെൻഷൻ വിവാമായതോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനിടെ, മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ സാബുരാജൻ ഇടംനേടിയിരുന്നു. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിച്ചത്.