പാലക്കാട് : കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളജിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കുനിയംപൂത്തൂരിനടുത്താണ് പുലിയിറങ്ങിയത്. രണ്ടുദിവസം മുന്‍പ് പുള്ളിപ്പുലി കോളജിനടുത്ത് നിന്ന് രണ്ട് നായ്ക്കളെ കടിച്ചുകൊന്നിരുന്നു. സിസിടിവി പരിശോധനകളില്‍ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. മധുക്കര എന്ന സ്ഥലത്തുള്ള വനമേഖലയില്‍ നിന്നാണ് പുലി ആള്‍ത്താമസമുള്ള പ്രദേശത്തേക്കിറങ്ങിയതെന്നാണ് സൂചന. പിള്ളയാര്‍പുരം, കോവൈപുത്തൂര്‍ തുടങ്ങിയ ജനവാസ മേഖലകളില്‍ പലപ്പോഴായി പുലിയിറങ്ങുന്നത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വാളയാര്‍-കോയമ്പത്തൂര്‍ ദേശീയ പാതയിലാണ് സ്വകാര്യ കോളജ് സ്ഥിതി ചെയ്യുന്നത്. പുലിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കോളജ് അധികൃതരും. ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.