തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമായി തുടങ്ങിയ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുമായി സഹകരിക്കാതെ സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികള്‍. സര്‍ക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവെന്ന പേരിലാണ് മുന്‍നിര ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. പദ്ധതിയുടെ ഭാഗമായ ആശുപത്രികളാകട്ടെ തെരഞ്ഞെടുത്ത ചില ചികിത്സകൾ മാത്രമാണ് മെഡിസെപില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഇവരുടെ ആശ്രിതരും ചേര്‍ത്ത് 32 ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങിയത്. 6000രൂപ വാര്‍ഷിക പ്രീമിയത്തില്‍ മൂന്ന് ലക്ഷം രൂപയുടെ കവറേജ്. ജൂലൈ ഒന്നിന് പദ്ധതി തുടങ്ങി. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ എന്‍എബിഎച്ച് അക്രഡിറ്റേഷനുളള മുന്‍നിര ആശുപത്രികളില്‍ പലതും പദ്ധതിയുടെ ഭാഗമായിട്ടില്ല. തിരുവനന്തപുരത്ത് എന്‍എബിഎച്ച് അക്രഡിറ്റേഷനുളളവിഭാഗത്തില്‍ ആര്‍സിസിയും നിംസ് മെഡിസിറ്റിയും മാത്രമാണ് നിലവില്‍ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുമായി സഹകരിക്കുന്നത്. കൊച്ചിയില്‍ മെഡിക്കല്‍ ട്രസ്റ്റ്, സണ്‍റൈസ് , ലിറ്റില്‍ ഫ്ളവര്‍, ലൂര്‍ദ്ദ് , ആസ്റ്റര്‍, രാജഗിരി എന്നീ അഞ്ച് ആശുപത്രികളാണ് എന്‍എബിഎച്ച് വിഭാഗത്തിലുളളത്. കോഴിക്കോട്ടാകട്ടെ മിംസ് ആശുപത്രി മാത്രമാണ് പദ്ധതിയിലുളളത്. പദ്ധതിക്ക് കീഴില്‍ 1920 ചികില്‍സകള്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും വിരലിലെണ്ണാവുന്ന ചികില്‍സകള്‍ മാത്രമെ ഈ ആശുപത്രികള്‍ പോലും നല്‍കുന്നുളളൂ.
ഓരോ ചികില്‍സയ്ക്കും സര്‍ക്കാര്‍ നിശ്ചിത നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡോ, ഷര്‍മിള മേരി ജോസഫിന്‍റെ നേതൃത്വത്തിലുളള സമിതിയായിരുന്നു നിരക്ക് നിശ്ചയിച്ചത്. ഉദാഹരണത്തിന് ആഞ്ചിയോ പ്ളാസ്റ്റിക്ക് 55000രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച തുക. എന്നാല്‍ മുന്‍നിര ആശുപത്രികള്‍ ഈ നിരക്കുമായി യോജിക്കുന്നില്ല. നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്ന 240 ഓളം സ്വകാര്യ ആശുപത്രികളില്‍ മഹാഭൂരിഭാഗവും ചെറുകിട സ്വകാര്യ ആശുപത്രികളാണ്.പദ്ധതിയുടെ ഭാഗമായ ആശുപത്രികള്‍ നിന്ന് തന്നെ ശരിയായ സേവനം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
അതേസമയം,രണ്ടു മാസത്തിനകം തന്നെ 13000ത്തോളം ആളുകള്‍ക്ക് 43 കോടിയോളം രൂപ ക്ളെയിമായി അനുവദിച്ചതായാണ് ധനവകുപ്പിന്‍റെ കണക്ക്. ഒരു പുതിയ പദ്ധതിയെന്ന നിലയില്‍ ചില പരിമിതികള്‍ നിലവിലുണ്ട്. ഇത് പരിഹരിക്കാനായി പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.