കോഴിക്കോട്: കോഴിക്കോട് താമരശേരി വെസ്റ്റ് കൈതപ്പൊയിലില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ യുവാക്കള്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഇക്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്.ഷമീര്‍ ബാബുവിനെ താമരശേരി താലൂക്ക് ആശുപത്രിയിലും ഇക്ബാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ കുത്തിയ ദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദാസനും സഹോദരന്‍ വിജയനും തമ്മില്‍ വീടിന് സമീപത്തെ മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനെത്തിയപ്പോഴാണ് യുവാക്കള്‍ക്ക് കുത്തേറ്റത്.
എറണാകുളം ആലങ്ങാട് ഇന്നലെ സമാനമായ സംഭവം ഉണ്ടായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടംഗ സംഘത്തിൻ്റെ മര്‍ദ്ദനമേറ്റ് മരിച്ചു. എറണാകുളം പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ ആണ് മരിച്ചത്. 54 വയസ്സായിരുന്നു. സംഭവത്തില്‍ രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ കുമാറിനെ മർദ്ദിച്ചത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇരുവരേയും പിടികൂടാൻ പൊലീസ് ശ്രം തുടങ്ങി.
ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാരിന്‍റെ മകൻ രോഹിനെ മര്‍ദ്ദിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് രോഹിൻ പറയുന്നു. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമലിലെ മര്‍ദ്ദിച്ചത്. അടിയേറ്റ് കുഴഞ്ഞ് വീണ വിമല്‍ കുമാറിനെ ഉടൻ തന്നെ പറവൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമല്‍ കുമാറിന് നേരത്തെ അസുഖമൊന്നുമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.
അതേസമയം, പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാനരായിരുന്നു അമ്പത്തിനാലുകാരനായ വിമല്‍ കുമാര്‍. ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമുണ്ട്.