ആലപ്പുഴ: ഡീസൽ ക്ഷാമത്തിൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി സർവിസ് താളംതെറ്റി. തിരക്കേറിയ ശനിയാഴ്ച രാവിലെയാണ് പലയിടത്തും ഡീസൽ എത്തിയത്. ഇത് പല ട്രിപ്പുകളും വൈകാൻ കാരണമായി. ആലപ്പുഴ ഡിപ്പോയിലെ പമ്പിലെ നോസ് തകരാറിലായതും സർവിസിനെ കാര്യമായി ബാധിച്ചു.
ശനിയാഴ്ച രാവിലെ 12,000 ലിറ്റർ ഡീസലാണ് ആലപ്പുഴ ഡിപ്പോയിൽ എത്തിയത്. തുടർന്ന് പമ്പിൽനിന്ന് ബസുകളിലേക്ക് ഇന്ധനം നിറക്കുന്നതിനിടെ നോസിന് തകരാറുണ്ടായി. ഇത് ഏറെനേരം പ്രതിസന്ധി സൃഷ്ടിച്ചു. ബസുകൾ ചേർത്തല ഡിപ്പോയിൽ എത്തിച്ചാണ് ഡീസൽ നിറച്ചത്. ഇത് സമയനഷ്ടത്തിനും ട്രിപ് വൈകലിനും കാരണമായി.
ആലപ്പുഴ ഡിപ്പോയിൽ 64 സർവിസാണ് നടത്തുന്നത്. ദിനംപ്രതി 5,000 ലിറ്റർ വേണ്ടിവരും. നിലവിൽ രണ്ടുദിവസത്തെ ഉപയോഗത്തിനുള്ള ഡീസൽ സ്റ്റോക്കുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, ശനിയാഴ്ചയും തിങ്കളാഴ്ചയും കൂടുതൽ സർവിസുകൾ നടത്തുമ്പോൾ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ട്. ദീർഘദൂര സർവിസടക്കം വൈകിയത് യാത്രക്കാരെ ഏറെ വലച്ചു.
വെള്ളിയാഴ്ച രാത്രി പലയിടത്തും ഡീസൽ തീർന്നിരുന്നു. പല ബസുകളും പകുതി ഡീസൽ നിറച്ചാണ് ഓടിയത്. ചില ഡിപ്പോയിലെ പമ്പുകൾക്ക് മുന്നിൽ ഡീസൽ തീർന്നുവെന്ന ബോർഡും സ്ഥാപിച്ചു. മറ്റ് ഡിപ്പോകളെ ആശ്രയിച്ചാണ് സർവിസുകൾ പൂർത്തിയാക്കിയത്.
ചേർത്തല, ചെങ്ങന്നൂർ, കായംകുളം, ഹരിപ്പാട് അടക്കമുള്ള ഡിപ്പോകളിൽനിന്ന് ശനിയാഴ്ച രാവിലെ ചില ട്രിപ്പുകൾ വൈകിയിരുന്നു. ഡീസൽ എത്തിയതോടെ പ്രശ്നം പരിഹരിച്ചതായും ബസുകളിൽ ഇന്ധനം നിറക്കാൻ കാലതാമസം നേരിട്ടതാണ് ട്രിപ്പുകൾ വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.