കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ ശേഖരവുമായി പ്രവാസി യുവാവ് പിടിയിലായി. അഹ്‍മദ് ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനായ പ്രവാസി പിടിയിലായത്. 140 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
പ്രാദേശികമായി നിര്‍മിച്ച മദ്യം പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്‍പനയ്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ മറ്റ് വകുപ്പുകള്‍ക്ക് കൈമാറി. എന്നാല്‍ പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം കുവൈത്തില്‍ അനധികൃത പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സുരക്ഷാ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. 14 സ്‍ത്രീകളും ആറ് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എലല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ കഴിഞ്ഞയാഴ്‍ച മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് ഏരിയകളില്‍ പരിശോധനയ്‍ക്കെത്തിയിരുന്നു. ഖൈത്താനില്‍ അപ്രതീക്ഷിത റെയ്‍ഡുകളും ഉദ്യോഗസ്ഥര്‍ നടത്തി. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കര്‍ശനമാക്കിയത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. സ്‍പോൺസര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവരും വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്.