തിരുവനന്തപുരം : കെ എസ് ആര്‍ ടി സിയിലെ പ്രശ്നങ്ങളിൽ തൊഴിലാളി സംഘടനകളുമായുള്ള സർക്കാരിന്റെ മൂന്നാം വട്ട ചർച്ച ഇന്ന് നടക്കും. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തോട് സഹകരിക്കണമെന്ന് സർക്കാറും മാനേജ്മെന്റും ആവശ്യപ്പെടുമെന്നാണ് സൂചന. ഇത് സംബന്ധിച്ച നിയമ സെക്രട്ടറിയുടെ നിയമോപദേശം യോഗത്തിന് മുന്പ് ലഭിക്കും.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് അനുസരിച്ച് കെ എസ് ആർ ടി സിയിലെ പ്രതിസന്ധി പരിഹരിച്ച് ലാഭകരമാക്കാൻ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സംപ്രദായം നടപ്പക്കണമെന്നാണ് മാനേജ്മെന്റ് നിലപാട്. യൂണിയനുകളുടെ എതിർപ്പുണ്ടെങ്കിലും നിലവിൽ ഇത്തരം ഡ്യൂട്ടി പരിഷ്കാരം അനിവാര്യമെന്ന് സർക്കാരും കരുതുന്നു. നിമയ സെക്രട്ടറിയുടെ നിയമോപദേശവും ഇതിന് അനുകൂലമെന്നാണ് സൂചന.
1962ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് റൂള്‍സ് പ്രകാരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി കൊണ്ടു വരുന്നതിന് സാധുതയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ 1961ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരമുള്ള 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂ എന്നാണ് അംഗീകൃത തൊഴിലാളി യൂണിയനുകൾ പറയുന്നത്. നിയമവും ചട്ടവും പറഞ്ഞുള്ള തർക്കത്തിലാണ് കഴിഞ്ഞ രണ്ട് ചർച്ചകളും തീരുമാനമാകാതെ പിരിഞ്ഞത്. അതിന് പിന്നാലെയാണ് നിയമ സെക്രട്ടറിയുടെ നിയമോപദേശം കൂടി വാങ്ങി മാന്ത്രിമാർ വീണ്ടും ചർച്ചയ്ക്ക് എത്തുന്നത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ചാലേ എല്ലാ മാസവും 5ന് ശന്പളമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്.
ഇതില്‍ 8 മണിക്കൂര്‍ സ്റ്റിയറിങ് ഡ്യൂട്ടിയും ബാക്കിയുള്ള സമയം അധിക പണം ലഭിക്കുന്ന വിശ്രമവുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ആഴ്ചയില്‍ 6 ദിവസവും ജോലിക്ക് ഹാജരാകണമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനൊന്നും വഴങ്ങില്ലെന്ന് തൊളിലാളികളും പറയുന്പോൾ ഗതാഗത മന്ത്രി ആന്‍റണി രാജുവും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയും യൂണിയനുകളുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്.