പേവിഷബാധ മൂലം ആളുകള്‍ മരിക്കുന്നു എന്നതെല്ലാം ഏതോ കാലഘട്ടത്തില്‍ നടന്നിരുന്നതാണെന്ന ചിന്തയിലാണ് ഇപ്പോഴും ഏറെ പേര്‍ കഴിയുന്നത്. ഇന്നത്തെ കാലത്ത് പേവിഷബാധ മൂലം ആരും മരിക്കില്ലെന്നും, അതിനെല്ലാം ചികിത്സയും വാക്സിനും മറ്റും ലഭ്യമാണെന്നും വിശ്വസിച്ച് ധൈര്യത്തോടെ റോഡിലിറങ്ങി നടക്കുന്ന അതേ മനുഷ്യര്‍ തന്നെയാണ് ഇപ്പോള്‍ തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നതും, പിന്നീട് പേവിഷബാധ സ്ഥിരീകരിക്കപ്പെട്ട് ജീവൻ പോലും നഷ്ടപ്പെടുന്നതും.
ഇന്നും ഇതാ കോഴിക്കോട്ട് നിന്ന് സമാനമായൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പേരാമ്പ്ര കൂത്താളിയില്‍ തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്ത ശേഷവും മരിച്ചു എന്നതാണ് വാര്‍ത്ത. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പുതിയേടത്ത് ചന്ദ്രിക ( 53 ) മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇവര്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.
മുഖത്തായിരുന്നു നായയുടെ കടിയേറ്റത്. ഇതിന് ശേഷം പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നു. എന്നിട്ടും ചികിത്സയിലിരിക്കെ മരണം സംഭവിച്ചിരിക്കുകയാണ്. ഇത് പേവിഷബാധ മൂലമുള്ള മരണമാണെന്നതിന് കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കില്‍ പോലും ഈ ഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുന്നതാണ് കോഴിക്കോട്ടെ സംഭവവും.
ഈ പശ്ചാത്തലത്തില്‍ ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കില്‍ പങ്കുവച്ചൊരു കുറിപ്പ് ഏറെ പ്രസക്തമാവുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വര്‍ധിച്ചുവരുന്ന പേവിഷബാധ മരണങ്ങളെ കുറിച്ച് ഡോ. ജിനേഷ് വിശദമായൊരു കുറിപ്പ് പങ്കുവച്ചത്. ഈ വര്‍ഷം ആഗസ്റ്റ് വരെ മാത്രം 18 പേവിഷബാധ മരണങ്ങള്‍ സംഭവിച്ചുവെന്നും ഇത് എത്രമാത്രം ഗുരുതരമായ വിഷയമാണെന്നും ഡോക്ടറുടെ കുറിപ്പിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസിലാക്കാൻ സാധിക്കും.
കേരളം ജാഗ്രതയോടെ സമീപിക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുന്നുവെന്നാണ് ഡോ. ജിനേഷ് ഇപ്പോഴും പറയുന്നത്. ഏറെ ആശങ്കപ്പെടുത്തുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ് നമുക്കിനി പ്രതീക്ഷിക്കാനുള്ള ഏക ആശ്വാസമെന്നും ഡോക്ടര്‍ പറയുന്നു.