ദില്ലി : ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. മദ്യനയത്തിൽ അഴിമതിയാരോപിച്ച് തനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇഡി ഇടപെടലും ബിജെപിയിൽ ചേർന്നാൽ ഒഴിവാക്കി തരാമെന്ന് വ്യക്തമാക്കി സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ വെളിപ്പെടുത്തി. എന്നാൽ തന്നെ പാട്ടിലാക്കാൻ നോക്കുന്ന ബിജെപിയിലേക്ക് തല പോയാലും താൻ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു. തനിക്കെതിരായ കേസുകൾ വ്യാജമാണ്. കഴിയുന്നതെല്ലാം ചെയ്തോളൂ. പക്ഷേ കേസുകളെടുത്ത് വിരട്ടാൻ നോക്കരുത്. അത് പ്രായോഗികമല്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകുമെന്നും ദില്ലി മോഡൽ ഗുജറാത്തിലും നടപ്പാക്കുമെന്നും സിസോദിയ അറിയിച്ചു. ആംആദ്മിപാര്‍ട്ടി ഗുജറാത്തിന്റെ മുഖം മാറ്റുമെന്നും സിസോദിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
സിസോദിയക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. വിലക്കയറ്റത്തിലും, തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം വൃത്തികെട്ട രാഷ്ടീയം കളിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഭാവി രാഷ്ട്രീയ നീക്കം വ്യക്തമാക്കി കെജ്രിവാളും സിസോദിയയും 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലേക്ക് പുറപ്പെട്ടു.
അതേ സമയം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്തുകൊണ്ട് മദ്യനയം പിന്‍വലിച്ചുവെന്ന ചോദ്യത്തിലെ സിസോദിയയുടെയും സര്‍ക്കാരിന്‍റെയും മൗനം കുറ്റസമ്മതമാണെന്നാണണ് ബിജെപി ആരോപിക്കുന്നത്. ഇരുപത്തിനാല് മണിക്കൂര്‍ സമയം നല്‍കിയിട്ടും മറുപടി നല്‍കാത്ത കെജ്രിവാളാണ് അഴിമതിയുടെ സൂത്രധാരനെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി. ഇതിനിടെ കേസില്‍ പെട്ട മലയാളി വിജയ് നായര്‍ക്കെതിരെ കോര്‍പ്പറേറ്റ് കാര്യമന്ത്രാലയവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിജയ് നായര്‍ക്ക് നേരിട്ട് ബന്ധമുള്ള കമ്പനികളയും ഇടപാടുകളെയും കുറിച്ചാണ് അന്വേഷണം. വിജയ് നായരെ കൂടാതെ കേസില്‍ പെട്ട മറ്റൊരു മലയാളി അരുണ്‍ രാമചന്ദ്രന്‍ പിള്ളക്കുമെതിരെ സിബിഐ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.