മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്.
ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുകയാണ്. ഭരണം നിലനിർത്താൻ സിപിഎമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത 7 സീറ്റുകൾ എന്ന് സുധാകരന് പറഞ്ഞു.
കേരളത്തെ ഇന്ത്യയുടെ “കോവിഡ് ഹബ്ബ് ” ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ കെ സുധാകരന് പറയുന്നു.