കണ്ണൂർ: ഇടത് ശക്തികേന്ദ്രമായ മട്ടന്നൂർ നഗരസഭയിൽ എൽഎഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും, സീറ്റെണ്ണം ഇരട്ടിയാക്കിയതിന്റെ ആവേശത്തിലാണ് യുഡിഎഫ്. സിപിഎമ്മിന്റെ കോട്ടയിൽ നേടിയ ഈ മുന്നേറ്റം സൈബർ ഇടങ്ങളിൽ കോൺഗ്രസുകാർ ആഘോഷിക്കുകയാണ്. അതിനിടെ, മുൻമന്ത്രി കെ.കെ. ശൈലജയുടെ വാർഡിൽ പോലും എൽഡിഎഫ് സ്ഥാനാർഥി തോറ്റു എന്ന പ്രചാരണത്തിനു മറുപടിയുമായി ശൈലജ നേരിട്ട് രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണു ശൈലയുടെ പ്രതികരണം.
‘‘മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എന്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണു പ്രചാരണം. എന്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർഥി കെ.രജത 661 വോട്ടാണ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത്. എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്’ – ശൈലജ കുറിച്ചു.