തിരുവനന്തപുരം : വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടെ ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇന്ന് തന്നെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ച നടത്തി പാസ്സാക്കാനാണ് നീക്കം. ഇന്ന് അവതരിപ്പിക്കുക അസാധുവായ ഓർഡിനൻസിലെ വ്യവസ്ഥകളുള്ള ബില്ലാണ്. ബില്ലിൽ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വ്യവസ്ഥ മാറ്റി. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്കെതിരായ വിധി സ്പീക്കർക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. സബ്ജക്ട് കമ്മിറ്റിയിലായിരിക്കും ഭേദഗതി വരിക. സിപിഐ ഭേദഗതി സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാനാണ് ധാരണ. പ്രതിപക്ഷം ബില്ലിനെ എതിർക്കും. ബിൽ സഭ പാസ്സാക്കിയാലും ഗവർണർ ഒപ്പിടാതെ നിയമമാകില്ലെ. നിലവിൽ സർക്കാറുമായി ഉടക്കി നിൽക്കുന്ന ഗവർണർ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ
വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നാളെ ആകും സഭയിൽ അവതരിപ്പിക്കുക.മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.
വലിയ തർക്കങ്ങൾക്കൊടുവിലാണ് സിപിഎമ്മും സിപിഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയിൽ ധാരണയിലെത്തിയത്. ലോകായുക്ത വിധി പരിശോധനക്ക് സ്വതന്ത്ര സമിതിയെന്ന മുൻ ബദലിൽ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് മാറ്റം. മുഖ്യമന്ത്രിക്കെതിരായ വിധിയിൽ പുനപരിശോധന അധികാരം നിയമസഭക്ക് നൽകാനാണ് ധാരണ.
മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎൽമാർക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. ഫലത്തിൽ ജുഡീഷ്യൽ സ്വഭാവമുള്ള ലോകായുക്ത വിധി സർക്കാർ തന്നെ പരിശോധിച്ച് തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുമായി പോരടിച്ച സിപിഐയും നിയമത്തിൽ വെള്ളം ചേർക്കാൻ സമ്മതിച്ചു. നിലവിലെ നിയമത്തിൽ അപ്പീൽ അവസരമില്ലെന്ന വാദമാണ് സിപിഐ ന്യായീകരണം. ഇന്ന് അവതരിപ്പിക്കുക പക്ഷെ ഗവർണ്ണർ ഒപ്പിടാത്തത് മൂലം അസാധുവായ ഓർഡിനൻസിലെ വ്യവസ്ഥകളോടുള്ള ബില്ലാണ്.