തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എം വിന്‍സന്‍റ് എം എല്‍ എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സമരത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്.സമർക്കാർ എല്ലാവരും വിഴിഞ്ഞത്തുകാർ അല്ല.പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ട്.സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു
വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂർത്തിയായപ്പോൾ 600 കിലോമീറ്റർ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.തീര ശോഷണത്തിൽ അദാനിയുടെയും സർക്കാരിന്‍റേയും നിലപാട് ഒന്നാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.3000 ത്തോളം വീടുകൾ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സർക്കാർ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത് . 4 വർഷമായി മത്സ്യ തൊഴിലാളികൾ സിമന്റ് ഗോഡൗനിൽ കഴിയുന്നു.സമരത്തെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്തെത്തി.
ഇതിനിടെ വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗവും ചേരും ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിൽ വച്ചാണ് യോഗം.ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തും. പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങൾ ഓരോന്നും പ്രത്യേകമായി ചർച്ചക്കെടുക്കും.
ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങൾ മുഖ്യമന്ത്രിയോട് ഇന്ന് വിശദീകരിക്കും. ആവശ്യമെങ്കിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേർന്നേക്കും.തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് ഉപരോധം. ഏഴിന ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നിലപാടിലാണ് ലത്തീൻ അതിരൂപത.