ദില്ലി: മുസ്ലിം വ്യക്തി നിയമ പ്രകാരം ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ദില്ലി ഹൈക്കോടതി. പ്രായപൂർത്തിയായില്ലെങ്കിലും പെൺകുട്ടിക്ക് വിവാഹം കഴിക്കാവുന്നതാണെന്നും വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ഇത്തരം വിവാഹം കഴിച്ച പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ട്. എന്നാൽ ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിൽ ഭർത്താക്കന്മാർക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിശദമാക്കി.
മാതാപിതാക്കളുടെ എതിർപ്പ് നോക്കാതെ ഇക്കഴിഞ്ഞ മാർച്ചിൽ ബിഹാറിൽ മുസ്ലിം പെൺകുട്ടി വിവാഹിതയായതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടർച്ചായെത്തിയ കേസിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഈ നിരീക്ഷണം നടത്തിയത്. 25 വയസുള്ള പുരുഷൻ, 15 കാരിയായ മകളെ വിവാഹം കഴിച്ചത് മാതാപിതാക്കൾക്ക് ഇഷ്ടപ്പെടാത്തതാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടി ഗർഭിണിയായതോടെ ഭർത്താവിനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
ഇതോടെ പോക്സോ വകുപ്പ് ചേർത്ത് കേസെടുത്ത പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇതിനെതിരെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി പ്രായപൂർത്തി ആയിട്ടില്ലെങ്കിൽ പോലും ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് മുഹമ്മദൻ നിയമം അനുസരിച്ച് വിവാഹം കഴിക്കാവുന്നതാണെന്ന് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പോക്സോ പ്രകാരം കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വിധികളും കോടതി ചൂണ്ടികാട്ടിയിരുന്നു.
മുഹമ്മദൻ നിയമം അനുസരിച്ച്, പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും അവൾക്ക് 18 വയസ്സിന് താഴെയുള്ളപ്പോൾ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായോ എന്നത് ഇവിടെ ബാധകമല്ലെന്നും കോടതി ചൂണ്ടികാട്ടി. പെൺകുട്ടി വിവാഹത്തിന് സ്വന്തം ഇഷ്ടപ്രകാരം തയ്യാറാണെങ്കിൽ ദമ്പതികളെ വേർപെടുത്താൻ ഭരണകൂടത്തിനോ പൊലീസിനോ എന്നല്ല ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് സിംഗ് പറഞ്ഞു.
വിവാഹ ശേഷമുള്ള ലൈംഗീക ബന്ധത്തിന്റെ പേരിൽ പോക്സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഈ കേസിൽ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുസ്സീം നിയമപ്രകാരവും പതിനെട്ട് വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. എന്നാൽ ഈ കേസിൽ സാഹചര്യം വൃത്യാസമുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. വിവാഹശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. പെൺകുട്ടിക്ക് സ്വന്തം കുടുംബത്ത് നിന്ന് നല്ല അനുഭവമല്ല ഉണ്ടായത്. അതിനാലാണ് സ്നേഹിച്ച യുവാവിനൊപ്പം പോയതെന്നും കോടതി ചൂണ്ടികാട്ടി. നിലവിൽ ഭർത്താവിനൊപ്പം സന്തോഷത്തോടെയാണ് പെൺകുട്ടി കഴിയുന്നത് ഇരുവരെയും തമ്മിൽ പിരിക്കുന്നതാണ് വലിയ ആഘാതമാകും പെൺകുട്ടിയിൽ സൃഷ്ടിക്കുന്നതെന്നും കോടതി നീരീക്ഷിച്ചു. അതിനാൽ പെൺകുട്ടിയെയും ഭർത്താവിനും സുരക്ഷ ഒരുക്കാനും കോടതി പൊലീസിന് നിർദ്ദേശം നൽകി. ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് ഉത്തരവ്.