മല്ലപ്പള്ളി: മല്ലപ്പള്ളി പനവേലിൽ വീട്ടിൽ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങൾ ചേർന്ന് എടുത്ത ‘ചിരി ചിത്ര’ത്തെ ചൊല്ലിയുള്ള സമൂഹ മാധ്യമങ്ങളിലെ ചർച്ചയിൽ ഇടപെട്ട് മന്ത്രി ശിവൻകുട്ടി രംഗത്ത്. മരണം വിടവാങ്ങലും യാത്രയയപ്പും കൂടിയാണെന്നും സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടതെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ കുറിപ്പ്
ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. മരണം ഒരു വേർപാട് ആണ്, സങ്കടകരവും. എന്നാൽ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടത്.