അബുദാബി: യുഎഇയില്‍ അടുത്തയാഴ്ച പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാനിരിക്കെ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്‍കൂളുകളിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നത്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ എല്ലാ കൊവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുതിയ അധ്യയന വര്‍ഷത്തില്‍ രാജ്യത്തെ സ്‍കൂളുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം 12 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. സ‍്‍കൂള്‍ തുറക്കുന്ന ദിവസമാണ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്. ഇത് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടേതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം നിശ്ചിത ഇടവേളകളില്‍ പിന്നീടും കൊവിഡ് പരിശോധന വേണമെന്ന പഴയ നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‍കൂളുകളിലും സ്‍കൂള്‍ ബസുകളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. സാമൂഹിക അകലം പാലിക്കുന്നതിന് സ്‍കൂള്‍ മാനേജ്‍മെന്റിനോ സ്‍കൂള്‍ ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ക്കോ അവര്‍ക്ക് അനിയോജ്യമെന്ന് തോന്നുന്ന നടപടികള്‍ സ്വീകരിക്കാം. കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന കുട്ടികള്‍ക്ക് വീടുകളിലിരുന്ന് പഠനം തുടരാനുള്ള അവസരമൊരുക്കണം. രോഗ ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കോ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പ്രകടമാവുന്നവര്‍ക്കോ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ലഭ്യമാവുന്നത് വരെയും വീടുകളിലിരുന്ന് പഠനം തുടരാം.
സ്‍കൂളുകളില്‍ ശരീര താപനില പരിശോധിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. എന്നാല്‍ പനിയുള്ളവര്‍ സ്‍കൂളുകളില്‍ എത്തുന്നത് ഒഴിവാക്കി കൊവിഡ് പരിശോധന നടത്തണം. പി.സി.ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവാണെങ്കിലും അവര്‍ക്ക് സിക്ക് ലീവിന് അപേക്ഷിക്കാം.












