തിരുവനന്തപുരം : കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ വനിതാ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ട സംഭവം പരിശോധിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. വനിതാ പ്രിന്‍സിപ്പലിനെ പൂട്ടിയിടുകയും പൊലീസിനെ തടയുകയും ചെയ്ത ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
രോഹിത് രാജ് എന്ന വിദ്യാര്‍ഥി പട്ടികജാതി-പട്ടികവര്‍ഗ സംവരണ സീറ്റില്‍ അപേക്ഷ നല്‍കി ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് ബിരുദ പ്രോഗ്രാമിന് അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്നതിനായി 22ന് കാര്യവട്ടം ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പലിനെ സമീപിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഈ വിദ്യാർഥി 2018-2021 വര്‍ഷങ്ങളില്‍ ഇതേ കോളജില്‍ ഇതേ കോഴ്സ് പഠിച്ചിരുന്നതിനാൽ പ്രവേശനം നല്‍കാന്‍ കഴിയില്ല എന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പലിനോട് ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ മറ്റു ചില വിദ്യാര്‍ഥികളെത്തി.
ഈ വിദ്യാര്‍ഥികളോട് പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും അതില്‍ തൃപ്തരാകാതെ പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതനുസരിച്ച് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. പൊലീസും വിദ്യാർഥികളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കഴക്കൂട്ടം പൊലീസ് 6 വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.