പാലക്കാട് : ഭക്ഷണം മോഷ്ടിച്ചെന്ന പേരിൽ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ സാക്ഷികളെ കൂറുമാറ്റാൻ വൻ പദ്ധതികളാണ് പ്രതികൾ തയാറാക്കിയത്. വിചാരണ കോടതിയുള്ള മണ്ണാർക്കാട് ലോഡ്ജിൽ മുറിയെടുത്തും പ്രതികൾ പദ്ധതി തയ്യാറാക്കി.സാക്ഷികളെ ഇടനിലക്കാർ മുഖേനെ നാട്ടിൽ നിന്ന് മാറ്റിപ്പാർപ്പിച്ചാണ് മൊഴിമാറ്റത്തിന് പദ്ധതി ഒരുക്കിയത്.പതിനൊന്നാം സാക്ഷി ചന്ദ്രനെയും പതിമൂന്നാം സാക്ഷി സുരേഷിനെയും മണ്ണാർക്കാട്ടെ ലോഡ്ജിൽ രണ്ടുനാൾ താമസിപ്പിച്ചതിൻറെ രേഖകളും ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
മധുകൊലക്കേസിൽ പ്രതികൾക്ക് വേണ്ടി ഇടനില നിന്ന് എല്ലാം വെടിപ്പായി ചെയ്തത്, ആനവായി ഊരിലെ ആഞ്ചൻ ആണ്. സാക്ഷികളെ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകാൻ പലപ്പോഴായി സമീപിച്ചു. മണ്ണാർക്കാട്ടെ ലോഡ്ജിൽ പതിനൊന്നാം സാക്ഷി ചന്ദ്രനെയും പതിമൂന്നാം സാക്ഷി സുരേഷിനെയും മുറിയെടുത്ത് താമസിപ്പിച്ചു. ജൂൺ ഏഴു മുതൽ ഒമ്പത് വരെയാണ് സാക്ഷികളെ പ്രോസിക്യൂഷന് കിട്ടാത്തവിധം അകറ്റിയത്. കൃത്യമായി പറഞ്ഞാൽ വിസ്താരത്തിന് മുമ്പ് 48 മണിക്കൂർ നേരം സാക്ഷികൾ പ്രതികളുടെ വലയത്തിൽ ആയിരുന്നു.
മുറിയെടുത്തത് ആഞ്ചന്‍റെ പേരിൽ തന്നെ.പർപ്പസ് ഓഫ് വിസിറ്റ് എന്ന കോളത്തിൽ എഴുതിയത് കോർട്ട് എന്നാണ്.! ജൂൺ ഒമ്പതിനായിരുന്നു ചന്ദ്രന്‍റെ വിസ്താരം. രണ്ടുനാൾ മുമ്പെ കോടതിയുള്ള മണ്ണാർക്കാടേക്ക് കൊണ്ടുവന്നു, പ്രതികൾക്ക് വേണ്ടി എല്ലാം പറഞ്ഞു പഠിപ്പിച്ചു. മധുവിന്‍റെ ബന്ധുകൂടിയായ ചന്ദ്രൻ കൂറുമാറി.
തൊട്ടടുത്ത ദിവസം സുരേഷിന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും അന്നത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇതോടെ വിചാരണ നീണ്ടു. ഇതിനിടെ സാക്ഷി സംരക്ഷണ പദ്ധതി നടപ്പിലായതും സുരേഷിന്‍റെ വിസ്താരം നീട്ടിവച്ചതും പ്രോസക്യൂഷനെ തുണച്ചു.
സാക്ഷി സംരക്ഷണ പദ്ധതിയുടെ നിയമപരമായ പിൻബലത്തിൽ പൊലീസ് പ്രതികളേയും സാക്ഷികളേയും നിരീക്ഷിച്ചു. ഇതോടെ കൂറ്റുമാറ്റത്തിന്‍റെ മറ്റൊരു അധ്യായം തിരിച്ചറിഞ്ഞു.സുരേഷിനെ കാര്യങ്ങളുടെ ഗൌരവം പൊലീസ് ബോധിപ്പിച്ചതോടെ കഥമാറി.
ജൂലൈ 22ന് സുരേഷിനെ വിസ്തരിച്ചപ്പോൾ, നേരത്തെ നൽകിയ രഹസ്യ മൊഴിയിൽ ഉറച്ച് നിന്നു. മധുകേസിൽ ആദ്യമായി സാക്ഷി ഒപ്പം നിന്നതും അന്നായിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി. എന്തു കൊണ്ടാണ് ഇടനില നിന്ന ആഞ്ചന് എതിരെ നിയമ നടപടി വരാത്തതെന്നതും അന്വേഷിക്കേണ്ടതാണ്. ഒപ്പം കൂറ്മാറിയ സാക്ഷികൾക്ക് എതിരെ എന്ത് നിയമ നടപടി വരും എന്നതും കണ്ടറിയണം