തിരുവനന്തപുരം : ഗവർണറുടെ അധികാരം വെട്ടി കുറക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് അംഗങ്ങളെ കൂടി ചേർത്തു സർക്കാരിന് മേൽക്കൈ നേടൽ ആണ് ലക്ഷ്യം.
നിലവിലെ മൂന്ന് അംഗ സമിതി അഞ്ചാക്കും. നിലവിൽ ഗവർണറുടേയും യു ജി സി യുടെയും സർവകലാശാലയുടെയും നോമിനികൾ ആണ് ഉള്ളത്. കമ്മിറ്റിയിൽ പുതുതായി ചേർക്കുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആകും ഇനി കൺവീനർ.ഒപ്പം സർക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകും.ഇത് വഴി കമ്മിറ്റിയിലെ ഭൂരിപക്ഷം വെച്ചു സർക്കാരിന് ഇഷ്ടം ഉള്ള ആളെ വിസി ആക്കാം.അതെ സമയം സഭ പാസാക്കുന്ന ബില്ലിൽ ഗവർണ്ണർ ഒപ്പിടില്ല
പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്നുറപ്പ്. സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വൈസ് ചാൻസലറെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. വലിയ പോരിലേക്ക് തന്നെയാണ് കാര്യങ്ങൾ പോകുന്നത്. സർക്കാർ ഗവർണർ പോര് പരിധിവിടുമ്പോൾ പ്രതിപക്ഷം തന്ത്രപരമായ നിലപാടിലാണ്. ബന്ധുനിയമനങ്ങളെ എതിർക്കുമ്പോഴും ഗവർണർക്ക് പൂർണ പിന്തുണ നൽകാൻ പ്രതിപക്ഷ നേതാവ് തയ്യാറല്ല. കണ്ണൂര്‍ വി സിക്കെതിരായ ഗവര്‍ണറുടെ ക്രിമിനൽ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞു.
ഗവർണർ ഏത് സമയവും സർക്കാറുമായി ഒത്ത് തീർപ്പിന് തയ്യാറാകുമെന്നാണ് പ്രതിപക്ഷവിമർശനം. മാത്രമല്ല കേന്ദ്രവും ഗവർണറും പ്രതിപക്ഷവും ചേർന്ന് സംസ്ഥാന സർക്കാറിനെ അട്ടിമറിക്കുന്നുവെന്ന സി പി എം പ്രചാരണം ചെറുക്കൽ കൂടിയാണ് ലക്ഷ്യം. പോര് സഭയിലേക്ക് നീങ്ങുമ്പോൾ ആണ് ഗവർണർ ദില്ലിയിൽ നിന്നും കേരളത്തിലെത്തുന്നത്. കണ്ണൂർ വി സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് അടക്കമുള്ള നടപടികളിലേക്ക് രാജ്ഭവൻ ഉടൻ കടക്കും.
ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെ സർവ്വകലാശാലകളിലെ നിയമന വിവാദം ഇന്നു പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും. പ്രിയ വർഗീസിന്റ നിയമനം അടക്കം ഉന്നയിച്ചു അടിയന്തിര പ്രമേയം കൊണ്ട് വരാൻ ആണ് ശ്രമം. നിയമന വിവാദത്തിൽ ഗവർണറോടുള്ള മുഖ്യമന്ത്രിയുടെ നിലപാടും സഭയിൽ വ്യക്തമാക്കാൻ സാധ്യത ഉണ്ട്. വിവാദങ്ങൾക്ക് ഇടെ ഗവർണ്ണർ ഇന്നു സംസ്ഥാനത്ത് മടങ്ങി എത്തും