ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. ചെന്നൈ അന്പത്തൂർപാഡി സ്വദേശിയായ ഒമ്പതാം ക്ളാസുകാരനാണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന വീഡിയോ സന്ദേശം കൂട്ടുകാർക്ക് അയച്ചുകൊടുത്തതിന് ശേഷമായിരുന്നു സംഭവം. ആത്മഹത്യ ദൃശ്യവും കുട്ടി ഫോണിൽ ചിത്രീകരിച്ചു.
ചെന്നൈ അമ്പത്തൂർ പാഡിയിലെ കുമരനഗർ ലക്ഷ്മി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥിയാണ് വീട്ടിനുള്ളിൽ വച്ച് വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദികൾ സ്കൂളിലെ അധ്യാപകരാണെന്നും അവർ തന്നെ ദിവസവും തല്ലാറുണ്ടെന്നും കുട്ടി സന്ദേശത്തിൽ പറയുന്നു. അധ്യാപകർ ചീത്ത പറയുന്നതുകൊണ്ട് ഇനി സ്കൂളിലേക്ക് പോകാൻ ആകില്ലെന്നും കുട്ടി വീഡിയോയിൽ പറയുന്നുണ്ട്. ഈ ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് എത്തിച്ചു നൽകണം, അവർ സ്കൂളിലെത്തി ഇക്കാര്യം ചോദിക്കണം. കൂട്ടുകാർക്ക് അയച്ചു നൽകിയ സന്ദേശത്തിൽ കുട്ടി പറയുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ കൊരട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളാക്കുറിച്ചിയിലെ വിദ്യാർഥിയുടെ ആത്മഹത്യക്ക് ശേഷം ഇത്തരം കേസുകൾ സി ബി സി ഐ ഡിക്ക് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചുണ്ടായിരുന്നു. ലോക്കൽ പൊലീസിന്‍റെ ആദ്യ ഘട്ട അന്വേഷണത്തിന് ശേഷം ഈ സംഭവത്തിലും സി ബി സി ഐ ഡി അന്വേഷണം ഏറ്റെടുത്തേക്കും.












