കോഴിക്കോട്: പുതുവർഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും പോലീസ് നടപടികൾ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ബീച്ച് ഭാഗത്തേക്കുളള പാതകൾ വൈകീട്ടോടെ അടയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തി സമയം രാവിലെ 11 മുതൽ രാത്രി 9 വരെ മാത്രമായിരിക്കും. മാളുകളിലും ഹോട്ടലുകളിലും അൻപത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പോലീസ് അറിയിച്ചു.
തൃശ്ശൂരിൽ ഉച്ചയ്ക്ക് ശേഷം വാഹന പരിശോധന കർശനമാക്കും. രാത്രി 10 മണിക്ക് ശേഷം ആഘോഷം അനുവദിക്കില്ല. ആൾക്കൂട്ടം കൂടുന്നത് അനുവദിക്കില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്. രാത്രി യാത്ര നിയന്ത്രിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഹോട്ടലുകൾ , ക്ലബ്ബുകൾ തുടങ്ങിയവ പരിപാടികൾക്കു അനുവാദം വാങ്ങണം. രാത്രിയിൽ പോലീസ് റോന്തു കർശനമാക്കും. അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കൽ തുടങ്ങിയവക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.