കൊച്ചി: അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികൾ നൽകിയ ഹർജിയിലാണ്, മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച വരെയാണ് ഇടക്കാല സ്റ്റേ. കേസിലെ രേഖകൾ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജി പരിഗണിക്കവേ, വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്ന് നിരീക്ഷണവും ഉണ്ടായി. ഇക്കാര്യത്തിൽ മറുപടി വേണമെന്നും കോടതി വ്യക്തമാക്കി.
ഹർജി പരിഗണിക്കവേ, സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് പ്രോസിക്യൂഷനും പൊലീസിനും തെളിവ് ഹാജരാക്കാൻ ആയിട്ടില്ല. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. തങ്ങൾ സ്വാധീനിച്ചു എന്ന് ഒരു സാക്ഷി പോലും എന്ന് പരാതി നൽകിയിട്ടില്ല എന്ന് ഹർജിക്കാർ വാദിച്ചു. പൊലീസ് നടപടി മുഖം രക്ഷിക്കാനാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികൾ ആവശ്യപ്പെട്ടത്. രണ്ടാം പ്രതി മരയ്ക്കാറും, അഞ്ചാം പ്രതി രാധാകൃഷ്ണനുമാണ് വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.