ചെന്നൈ : തമിഴ്‌നാട്ടിലെ കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കില്‍ നഗരം സ്തംഭിച്ച നിലയിലായിരുന്നു. പത്ത് ജില്ലകളില്‍ കൂടി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിയോട് കൂടിയുള്ള മഴയായിരിക്കും ഉണ്ടാവുക, എന്നാല്‍ ഇത് അതിതീവ്രമാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു.