തിരുവനന്തപുരം : ഇ.പി.ജയരാജനെ ട്രെയിനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. തിരുവനന്തപുരം സെഷൻസ് കോടതി ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടപടി 2016ൽ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും തുടർ വാദമുണ്ടായിരുന്നില്ല.വര്ഷങ്ങളായി ഹൈക്കോടതിയിൽ നിൽക്കുന്ന കേസിൽ ഉടൻ തീർപ്പുണ്ടാക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഇന്ന് കേസിൽ അന്തിമ വാദം കേൾക്കുന്നത്.
ഹർജി തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത് വിചാരണ നടപടികൾ വൈകുന്നതിനു കാരണമാകുന്നുവെന്നായിരുന്നു സർക്കാരിന്റെ വാദം.1995 ഏപ്രിൽ 12 ന് രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ ഒംഗോളിൽ വച്ച് ജയരാജനെ ഗുണ്ടാ സംഘം വെടിവച്ചു കൊല്ലാൻ ശ്രമിച്ച സംഭവമാണ് കേസിനാധാരം.സംഭവത്തിൽ സുധാകരൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.