ഇറ്റാനഗര്‍: ബിഹാറിലെ അടിക്ക് നിതീഷ് കുമാറിന് തിരിച്ചടി നല്‍കി ബിജെപി. സഖ്യം ഉപേക്ഷിച്ച് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിന്‍റെ പാര്‍ട്ടിക്ക് അരുണാചല്‍ പ്രദേശിലുള്ള ഏക എംഎല്‍എയെ സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപി തിരിച്ചടി നല്‍കിയിരിക്കുന്നത്. ബുധനാഴ്ചയാണ് ടെച്ചി കാസോ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇറ്റനഗര്‍ എംഎല്‍എ ടെച്ചോ കാസോയുടെ അപേക്ഷ സ്പീക്കര്‍ ടെസം പോങ്തേ അംഗീകരിച്ചു.
ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് മാത്രമായി 49 എംഎല്‍എമാരായി. 2019ല്‍ നടന്ന അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലേക്കാണ് ജെഡിയു മത്സരിച്ചത്. ഇതില്‍ ഏഴ് സീറ്റുകളില്‍ വിജയം നേടാനും പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ബിജെപിക്ക് ശേഷം ഏറ്റവും അധികം എംഎല്‍എമാരുള്ള പാര്‍ട്ടി ആയിരുന്നു ജെഡിയു. എന്നാല്‍, 2020 ഡിസംബറില്‍ ജെഡിയുവിന്‍റെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.
ബാക്കി അവശേഷിച്ച ടെച്ചോ കാസോയും ബിജെപി പാളയത്തില്‍ എത്തിയതോടെ അരുണാചല്‍ നിയമസഭയില്‍ ജെഡിയു സംപൂജ്യരായി. അതേസമയം, ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചിരുന്നു. ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. വിശാലസഖ്യ സർക്കാർ 160 വോട്ട് നേടി. ബിജെപി നേതാവ് വിജയ് കുമാർ സിൻഹ രാവിലെ സഭ ചേർന്നയുടൻ രാജി പ്രഖ്യാപിച്ചു.
ബിജെപി മുന്നണിമര്യാദകൾ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ നിതീഷ് കുമാർ സ്വാതന്ത്ര്യസമരത്തിൽ ഏത് ബിജെപി നേതാവാണ് പങ്കെടുത്തതെന്ന് ചോദിച്ചു. 2024ൽ ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷത്തെ പാർട്ടികൾ തന്നോട് പറഞ്ഞതായും നിതീഷ് വ്യക്തമാക്കി. വിശാലസഖ്യ സർക്കാർ റൺ ഔട്ടാകില്ലെന്നും കാലാവധി തികയ്ക്കുമെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.
അതിനിടെ ആര്‍ജെഡി നേതാക്കളുടെ വീടുകളും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഗുരുഗ്രാമിലെ മാളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്‍റ് ക്രമക്കേടില്‍ എംപിമാരായ അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ്, നിയമസഭാ കൗണ്‍സില്‍ അംഗമായ സുനില്‍ സിങ്, മുന്‍ എംഎല്‍സി സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മഹാസഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ആര്‍ജെഡി ആരോപിച്ചു.