ന്യൂഡൽഹി : ഡൽഹിയിലെ ആംആദ്മി പാർട്ടി (എഎപി) സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ വിളിച്ച യോഗത്തിൽ 54 എംഎൽഎമാർ പങ്കെടുത്തതായി വിശദീകരണം. ആകെയുള്ള 62 എംഎൽഎമാരിൽ 54 പേരും യോഗത്തിനെത്തിയതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് അറിയിച്ചു.
യോഗത്തിനെത്താത്ത ഏഴ് എംഎൽഎമാർ ഡൽഹിക്കു പുറത്തായതുകൊണ്ടാണ് വരാത്തതെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബാക്കിയുള്ള ഒരാൾ ജയിലിലുള്ള സത്യേന്ദർ ജെയിനാണെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. എഎപി എംഎൽഎമാരെ വിലയ്‌ക്കെടുക്കാനായി ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപ അവർക്ക് എവിടെനിന്ന് ലഭിച്ചുവെന്നാണ് സിബിഐയും ഇഡിയും അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് യോഗത്തിനു മുന്നോടിയായി എഎപി അറിയിച്ചത് ബിജെപിയുടെ നേതൃത്വത്തിലുള്ള അട്ടിമറി നീക്കമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. 42 എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനിടെയാണ് ഭൂരിഭാഗം എംഎൽഎമാരും കേജ്‍രിവാളിന്റെ വസതിയിൽ നടന്ന യോഗത്തിനെത്തിയത്.
ഡൽഹിയിൽ ആകെയുള്ള 70 എംഎൽഎമാരിൽ 62 പേരും ആംആദ്മി പാർട്ടിക്കാരാണ്. എട്ടു പേർ മാത്രമാണ് പ്രതിപക്ഷമായ ബിജെപിക്കുള്ളത്. അരവിന്ദ് കേജ്രിവാൾ സർക്കാരിനെ മറിച്ചിടാൻ കുറഞ്ഞത് 28 എംഎൽഎമാരുടെയെങ്കിലും പിന്തുണ വേണമെന്നിരിക്കെയാണ് അട്ടിമറി സാധ്യത ചർച്ചയായത്. അതേസമയം, ഡൽഹി സർക്കാരിനെ മറിച്ചിടാൻ സഹായം തേടി 40 എംഎൽഎമാരെ ബിജെപി സമീപിച്ചതായാണ് എഎപിയുടെ ആരോപണം. സർക്കാരിനെ മറിച്ചിടാൻ സഹായിച്ചാൽ 20 കോടി രൂപയും മറ്റുള്ളവരെ കൂടെ കൊണ്ടുവന്നാൽ 25 കോടി രൂപയും ബിജെപി വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്.
രാജ്യവ്യാപകമായി ബിജെപി പരീക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ഡൽഹിയിലും പയറ്റാൻ ശ്രമം നടക്കുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തിലാണ് എഎപി ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചത്. ഇതിനിടെയാണ് ചില എംഎൽഎമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് പാർട്ടി സ്ഥിരീകരിച്ചത്. ഇതോടെ, ഡൽഹി സർക്കാരിനെ മറിച്ചിടാനുള്ള നീക്കങ്ങൾ സജീവാണെന്ന തരത്തിൽ ദേശീയ തലത്തിൽ ചർച്ച ഉയരുകയും ചെയ്തു.
രാവിലെ 11 മണിയോടെ അരവിന്ദ് കേജ്‍രിവാളിന്റെ വസതിയിലാണ് എംഎൽഎമാർ യോഗം ചേർന്നത്. മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ റെയ്ഡും ഇഡി കേസുമായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ബിജെപി നേതൃത്വം എഎപി എംഎൽഎമാരെ അടർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ നിയമസഭയുടെ പ്രത്യേക യോഗവും സർക്കാർ വിളിച്ചിട്ടുണ്ട്.
ഡൽഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയയുടെ വീട്ടിൽ ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ റെയ്ഡ് നടത്തിയതോടെയാണ് എഎപി–ബിജെപി തർക്കം രൂക്ഷമായത്. ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് മന്ത്രി കൂടിയായ സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പിന്നാലെ സിബിഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസോദിയയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിരുന്നു.
അതേസമയം, ബിജെപിയുമായി സഹകരിച്ച് അരവിന്ദ് കേജ്രിവാൾ സർക്കാരിനെ മറിച്ചിടാനുള്ള ‘ക്ഷണം’ നിരസിച്ചതിന്റെ പേരിൽ ബിജെപിയുടെ പ്രതികാര നടപടിയാണ് റെയ്ഡും കേസുമെന്നാണ് സിസോദിയയുടെ വാദം. ബിജെപിയുമായി സഹകരിച്ചാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ലഭിച്ചതായും സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതാക്കൾ കോടികൾ വാഗ്ദാനം ചെയ്ത് എഎപിയുടെ പല എംഎൽഎമാരെയും സമീപിച്ചതായും വെളിപ്പെടുത്തലുണ്ടായി.