കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ പൊലീസ് ഇവരെ കണ്ടെത്തിയത്. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. രാജ് കബീറിന്‍റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി ഐ ജി രാഹുൽ ആർ നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു.
ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ പോയത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നുണ്ട്
ഇതിനിടെ ദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി രംഗത്തെത്തി.നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് വ്യവസായി രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിട്ടതെന്ന് ജമുനാ റാണി പറഞ്ഞു. സ്ഥാപനത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിനാണ് നാലര ലക്ഷം രൂപ പിഴയിട്ടത്. ഭരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ വ്യവസായി നടത്തുന്നത്. വ്യവസായ വകുപ്പ് ഈ വിഷയത്തിൽ ഒരു സംഭാഷണവും നഗരസഭയുമായി നടത്തിയിട്ടില്ല എന്നും ജമുനാ റാണി പറയുന്നു.
തലശ്ശേരി മിനി വ്യവസായ പാർക്കിലെ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് മുൻ വശം ഷീറ്റ് ഇട്ടതിൽ നാലര ലക്ഷം പിഴ ഒടുക്കാനാൻ നിർദേശിച്ച നഗരസഭയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പോയി അനുകൂല വിധി നേടിയിട്ടും സ്ഥാപനം തുറന്ന് നൽകാത്തതിൽ ദമ്പതിമാർ മനോ വിഷമത്തിലായിരുന്നു
വ്യവസായി രാജ് കബീറിന്റെ മകനായിരുന്നു കഴിഞ്ഞ കൊല്ലത്തെ മികച്ച യുവ സംരഭകനുള്ള പുരസ്കാരം. ദേവദത്തന്റെ പേപ്പർ ബാഗ് നിർമാണ യൂണിറ്റിനാണ് സംസ്ഥാന സർക്കാരിന്റെ നാല് ലക്ഷം രൂപയുടെ പുരസ്താരം കിട്ടിയത്. തലശ്ശേരിയിലെ വ്യവസായ സ്ഥാപനം ഒഴിപ്പിക്കാനുള്ള നീക്കമാണ് നഗരസഭയുടേതെന്നാണ് രാജ് കബീറിന്റെ കുടുംബം ആരോപിക്കുന്നു. ഭൂമി മറ്റുള്ളവർക്ക് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭീമമായ പിഴയിടൽ. ശക്തമായ ഭീഷണിയും സമ്മർദവും താങ്ങാനാകാതെയാണ് രാജ്കബീറും ഭാര്യയും നാട് വിട്ടതെന്ന് സഹോദരൻ രാജേന്ദ്രൻ തായാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
രാജ് കബീറും ഭാര്യ ശ്രിദിവ്യയും 2006 ലാണ് തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് തുടങ്ങിയത്. പണിതീർത്ത സാധനങ്ങൾ ഇറക്കി വെക്കാൻ 2018 ൽ സ്ഥാപനത്തിന് മുന്നിൽ സിങ്ക് ഷീറ്റ് ഇട്ടു. ഇത് അനധികൃത നിർമാണമാണെന്നും പിഴയായി നാലലക്ഷത്തി പതിനേഴായിരം ഒടുക്കണമെന്നും തലശ്ശേരി നഗരസഭ ആവശ്യപ്പെട്ടു. കൊവിഡിൽ പ്രതിസന്ധിയിലാണെന്നും പിഴ തുക കുറക്കണമെന്നും അഭ്യർത്ഥിച്ച് പലതവണ രാജ് കബീർ സമീപിച്ചെങ്കിലും ജൂലൈ 27 സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയിൽ പോയി രാജ് കബീർ അനുകൂല വിധി നേടി.പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാം എന്നായിരുന്നു ഉത്തരവ്. പക്ഷെ നഗരസഭ സ്ഥാപനം തുറന്ന് നൽകാതെ സംരംഭകരെ പിന്നെയും ബുദ്ധിമുട്ടിലാക്കി.
കോടതി ഉത്തരവുമായി നഗരസഭയിൽ എത്തിയിട്ടും തുറന്ന് നൽകിയില്ലെന്നും സ്ഥാപനത്തിന്റെ മാനേജർ ദിവ്യയും ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. മോശം പെരുമാറ്റം നഗരസഭാ വൈസ് ചെയർമാന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നാണ് വ്യവസായ വകുപ്പ് ബ്ലോക്ക് ഓഫീസര്‍ വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ നഗരസഭ വഴങ്ങിയില്ലെന്നും വ്യവസായ വകുപ്പ് തലശ്ശേരി ബ്ലോക്ക് ഓഫീസര്‍ വ്യക്തമാക്കി.